അച്ഛനെ കണ്ടെത്താൻ കൗമാരക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

അച്ഛനെ കണ്ടെത്താൻ ഫേസ്ബുക്ക് പോസ്റ്റ് നൽകി കൗമാരക്കാരൻ

ഫേസ്ബുക്കിന്റെ സാധ്യതകളെക്കുറിച്ചു പറഞ്ഞാൽ തീരില്ല. പ്രണയവും സൗഹൃദങ്ങളും ജോലിയും ബിസിനസും അങ്ങനെ ദൈനംദിന ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും ഫേസ്ബുക്കിന്റെ സ്ഥാനം ചില്ലറയല്ല. കാലങ്ങളായി കാണാത്ത സുഹൃത്തിനെ തിരയാനും പൂർവ വിദ്യാർഥി സംഗമങ്ങൾക്കുമൊക്കെ ഫേസ്ബുക്ക് നല്ലൊരു ഉപാധിയാണ്. ഇവിടെയിതാ ഫേസ്ബുക്ക് ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഉദ്യമത്തിനു സാക്ഷ്യം വഹിക്കുകയാണ്. മറ്റൊന്നുമല്ല ഒരു മകന് തന്റെ പിതാവിനെ കണ്ടെത്തി നൽകുക എന്ന ഉത്തരവാദിത്തമാണ് ഫേസ്ബുക്കിനു ലഭിച്ചിരിക്കുന്നത്. തന്റെ ബയോളജിക്കൽ പിതാവിനെ തേടിയുള്ള മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

ന്യൂയോർക്ക് സ്വദേശിയായ പതിനെട്ടുകാരനാണ് അച്ഛനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡും പിടിച്ചു നിൽക്കുന്നത്. ഒന്നും വേണ്ട അച്ഛനെ ഒന്നു കണ്ടാൽ മാത്രം മതി ജെറ്റിയ്ക്ക്. 1996ൽ ന്യൂയോർക്കിൽ ജീവിച്ചിരുന്ന ജേസൺ എന്നു പേരുള്ള മനുഷ്യനെയാണു താൻ തിരയുന്നത്. സെൻട്രല്‍ ന്യൂയോർക്കിൽ നടത്തിവരുന്ന കെറോക്കത്തോണ്‍ എന്ന വാർഷിക സംഗീത പരിപാടിയ്ക്കിടയിൽ വച്ചു തന്റെ അമ്മ ഡയാന കോളിൻസിനെ പരിചയപ്പെട്ടതാണ് അദ്ദേഹമെന്നും താൻ ആ രാത്രിയുടെ ബാക്കിപത്രമാണെന്നുമാണ് ജെറ്റി പറയുന്നത്. തനിക്കൊന്നും വേണ്ടെന്നും അച്ഛനെ ഒന്നു നേരിട്ടു കണ്ടാൽ മാത്രം മതിയെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നു ജെറ്റി. പോസ്റ്റിന് ലൈക്കുകളുടെയും ഷെയറുകളുടെയും പ്രവാഹമാണ്. കണ്ടറിയാം ജെറ്റിയ്ക്ക് പിതാവിനെ കണ്ടെത്താൻ ഫേസ്ബുക്ക് സഹായിക്കുമോയെന്ന്.