നടക്കാം വെള്ളത്തിനു മുകളിലൂടെ, കൗതുകമായി ‘ഫ്‌ലോട്ടിങ്’പാലം

‘ഫ്‌ലോട്ടിങ്’പാലം

ബൈബിൾ കഥകളിൽ എന്നപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാൻ ഒരവസരം ലഭിച്ചാൽ എങ്ങനെയിരിക്കും? പിന്നെ, വെള്ളത്തിനു മുകളിലൂടെ നടക്കുകയല്ലേ? നടക്കാത്ത കാര്യം എന്നൊക്കെ പറഞ്ഞു ഇക്കാര്യത്തെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. വടക്കേ ഇറ്റലിയിൽ ഇത്തരത്തിൽ നടക്കാനായി ഒരു അവസരം ഒരുക്കിയിരിക്കുന്നു. ‘ഫ്‌ലോട്ടിങ് പാലം’ എന്ന ആധുനിക രീതിയാണ് ഇതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ഇറ്റലിയിലെ പ്രശസ്തമായ ഇസിയോ തടാകത്തിലാണ് ഈ പാലം ഒരുക്കിയിരിക്കുന്നത്. ജൂൺ 18 ന് നാട്ടുകാർക്കായി തുറന്നുകൊടുത്ത പാലം ജൂലൈ 3 ന് അടയ്ക്കും. പ്രശസ്ത ആര്‍ടിസ്റ്റ്‌ ക്രിസ്‌റ്റോയുടെ പ്രധാന ഇന്‍സ്റ്റലേഷനാണ് ‘വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പാലം’. മൂന്ന് കിലോമീറ്ററാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിന്റെ നീളം. ഈ ദൂരമത്രയും നടക്കാം.

200,000 ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തിലീന്‍ ക്യൂബുകള്‍ കൊണ്ടാണ് മനോഹരമായ ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്. പാലത്തിനു മുകളിലായി 3 കിലോ മീറ്ററില്‍ മഞ്ഞ നിറത്തിലുള്ള ഫാബ്രിക് ഇട്ടിട്ടുണ്ട്. ഇതുകൊണ്ടും തീർന്നില്ല പാലത്തിന്റെ മികവ് നനവ് തട്ടിയാല്‍ ഈ ഫാബ്രിക്കിന്റെ നിറം മാറി ചുവപ്പാകും.

ദിനവും നൂറുകണക്കിന് ആളുകളാണ് ഈ പാലം സന്ദർശിക്കാൻ എത്തുന്നത്. പാലം കാണാൻ എത്തുന്നവർക്ക് പാലത്തിലൂടെ സുല്‍സാനോവില്‍ നിന്ന് മോണ്ട് ഇസോളയിലേക്കും സാന്‍ പോളോ ദ്വീപിലേക്കും നടക്കാന്‍ കഴിയും. പാലത്തിനു മുകളിലൂടെയാണ് നടക്കുന്നത് എങ്കിലും ശരിക്കും വെള്ളത്തിന് മുകളിലൂടെ നടക്കുന്ന അനുഭവമാണ് ഉണ്ടാവുക. . 24 മണിക്കൂറും ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനമുണ്ട്.