പാതി മേയ്ക്കപ്, അതാണിപ്പോൾ ട്രെൻഡ്!!

മെയ്ക്ക് അപ് കൂടുതലാണോ ചേട്ടാ...?’ നവവധുവിന്റെ നാണിച്ചുള്ള ചോദ്യം. ‘മെയ്ക്ക് അപ് കുറച്ച് കുറവാണെങ്കിലേ ഉള്ളൂ...’ഉത്തരവുമായി നവവരൻ. തൊട്ടുപിറകെ ആനയുടെ ചിന്നംവിളിയുമായി ബ്യൂട്ടീഷന്റെ വരവ്. ‘കുട്ടി സിംപിൾ മെയ്ക്ക് അപ് മതിയെന്നു പറഞ്ഞു. അതുകൊണ്ടെന്റെ മുഴുവൻ കഴിവും പുറത്തെടുക്കാനായില്ല...’ മുഖത്ത് പൗഡറുപെട്ടി വീണതുപോലെയും കണ്ണിലേക്ക് കണ്മഷിച്ചെപ്പ് തട്ടിയിട്ടതുപോലെയും ഒരുക്കിനിർത്തിയിരിക്കുന്ന വധുവിനെക്കാണിച്ച് പൊട്ടിച്ചിരിപ്പിച്ച സിനിമയാണ് 1983. പക്ഷേ അമേരിക്കയിലുള്ള നിക്കി എന്ന പെൺകുട്ടി ഈ സിനിമ കണ്ടിരുന്നെങ്കിൽ സംവിധായകനെ ചന്നംപിന്നം വിമർശിച്ചേനെ.

മെയ്ക്ക് അപ് ധരിച്ച് നടക്കുന്നവരെ കളിയാക്കുന്നവർക്കെതിരെ ഈ ഇരുപത്തിയൊന്നുകാരി ആരംഭിച്ച ഇന്റർനെറ്റ് ക്യാംപെയ്ൻ ലോകമെങ്ങും ഹിറ്റാണിപ്പോൾ. യൂട്യൂബിൽ നിക്കി ട്യൂട്ടോറിയൽസ് എന്ന പേരിൽ മെയ്ക്ക്അപ് വിഡിയോകൾ അപ്‌ലോഡ് ചെയ്ത് പ്രശസ്തയായ കക്ഷിയാണ് നിക്കി. ലോകമെമ്പാടും 12 ലക്ഷത്തിലേറെ ഫോളോവർമാരാണ് നിക്കിയുടെ മെയ്ക്ക് അപ് ടിപ്സ് വിഡിയോകൾക്കായി കാത്തിരിക്കുന്നത്. ഏതാനും ആഴ്ച മുൻപ് ദ് പവർ ഓഫ് മെയ്ക്ക് അപ് എന്ന പേരിൽ നിക്കി ഒരു വിഡിയോ പോസ്റ്റ് ചെയ്തു. മെയ്ക്കപ്പില്ലാതെ പുറത്തിറങ്ങുമ്പോൾ താൻ നിക്കിയാണെന്നു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. മാത്രവുമല്ല മെയ്ക്ക് അപ്പിനെ കുറ്റം പറഞ്ഞ് ഒരുപാടു പേർ രംഗത്തു വരികയും ചെയ്തിരിക്കുന്നു. ഇത്തരക്കാർക്കുള്ള മറുപടിയുമായാണ് നിക്കി ഏഴുമിനിറ്റോളമുള്ള വിഡിയോയിലൂടെ ക്യാംപെയ്ൻ ആരംഭിച്ചത്.

അതായത്, മുഖത്തിന്റെ ഒരുവശത്ത് മാത്രം മെയ്ക്കപ്പിടുകയും മറുവശം മെയ്ക്ക് അപ് ഇടാതെ വയ്ക്കുകയും ചെയ്തൊരു സെൽഫി. മെയ്ക്കപ്പിട്ട വശം അടിപൊളിയായിരിക്കുമ്പോൾ മറുവശം ഏറെ മോശം. ആൺകുട്ടികൾ നിങ്ങളെ ഇഷ്ടപ്പെടാനാകാം, നിങ്ങൾക്ക് സ്വയം അരക്ഷിതാവസ്ഥ തോന്നുന്നതുകൊണ്ടാകാം, നിങ്ങൾക്ക് നിങ്ങളെത്തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാകാം...ഇങ്ങനെ പലകാരണങ്ങള്‍ കൊണ്ടാകും നിങ്ങൾക്ക് മെയ്ക്കപ്പിടുന്നത്. പക്ഷേ അതൊരു തെറ്റോ വൻ ക്രിമിനൽ കുറ്റമോ ഒന്നുമല്ല. വെറുമൊരു തമാശ, അത്രയേയുള്ളൂ–നിക്കിയുടെ വിഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഇതുവരെ 1.8 കോടിയിലേറെപ്പേർ ആ വിഡിയോ കണ്ടു കഴിഞ്ഞു. മാത്രവുമല്ല, #ThePowerOfMakeup എന്ന ഹാഷ്ടാഗുമായി ലോകത്തിന്റെ പലഭാഗത്തു നിന്നും മുഖത്ത് പാതിമാത്രം മെയ്ക്ക് അപ് ധരിച്ച സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ സെൽഫി പോസ്റ്റിങ്ങും തുടങ്ങി. എന്തുകൊണ്ട് തങ്ങൾ മെയ്ക്ക് അപ് ഇടുന്നുവെന്ന കാരണവുമുണ്ടായിരുന്നു സെൽഫിയ്ക്കൊപ്പം. സ്ഥിരമായി മെയ്ക്ക് അപ് ധരിക്കാത്തവർ പോലും ഈ ക്യാംപെയ്നിൽ പങ്കെടുക്കാൻ വേണ്ടി പാതി മെയ്ക്കപ്പുമായെത്തി. ‘ഞങ്ങൾ എങ്ങനെ നടക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. ഞങ്ങളെന്തു ധരിച്ചാലും എന്ത് മെയ്ക്കപ്പിട്ടാലും നിങ്ങൾക്കെന്താണ് നഷ്ടം...’ എന്ന മട്ടിൽ സെൽഫിസ്ത്രീകളെല്ലാം സകലരോഷവും പുറത്തടുത്ത് പോസ്റ്റിങ് നടത്തുകയാണിപ്പോൾ.

ചിലരാകട്ടെ പാതി മുഖത്ത് മെയ്ക്കപ്പിനു നിന്നില്ല. മെയ്ക്കപ്പിനു മുൻപ്, ശേഷം എന്ന മട്ടിലായിരുന്നു അവരുടെ സെൽഫി പോസ്റ്റിങ്. എന്തായാലും മെയ്ക്കപ്പിട്ട ഭാഗവും ഇല്ലാത്ത ഭാഗവും ഒരുമിച്ചു കാണുമ്പോൾ തമ്മിൽ ഭേദം െമയ്ക്കപ്പിട്ടു വരുന്നതാണ് എന്ന തോന്നൽ കാണുന്നവർക്കെല്ലാമുണ്ടാകുമെന്നതുറപ്പ്. പക്ഷേ നിക്കി പറയുന്നു–‘മെയ്ക്ക് അപ് ഇല്ലാതെയാണെങ്കിലും ഉണ്ടെങ്കിലും എല്ലാവരും സുന്ദരീസുന്ദരന്മാരാണ്. ചിലർ മെയ്ക്കപ്പിടുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. കാരണം അതൊരു രസികൻ സംഗതിയാണത്...അത്രേയുള്ളൂ...’