കാലിന് ഇത്രയ്ക്കു തിളക്കമോ? ചിത്രം വൈറൽ!

സമൂഹമാധ്യമത്തിൽ വൈറലാകുന്ന തിളങ്ങുന്ന കാലുകളുടെ ചിത്രം

ഇന്റർനെറ്റിൽ ഒരു വിഷയത്തിനു തുടക്കമിട്ടാൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തും. ചിലപ്പോഴൊക്കെ അതു മുട്ടൻ തർക്കത്തിലേക്കും എത്തും. ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുമാറ് തങ്ങളുടെ വാദങ്ങളിൽ തന്നെ അവർ ഉറച്ചും നിൽക്കും. ഡ്രസിന്റെ നിറം നീലയോ കറുപ്പോ എന്ന തർക്കവിഷയം സമൂഹമാധ്യമത്തിൽ ഒന്ന് ആറിത്തണുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും ഇതാ മറ്റൊരു ചൂടൻ വിഷയം കൂടി ഇൻസ്റ്റഗ്രാമിൽ തകർക്കുകയാണ്. ഇത്തവണത്തെ ചർച്ചാകേന്ദ്രം ഒരു കാലാണ്.

ഒരു കാലിന‌െച്ചൊല്ലി ഇത്ര ചര്‍ച്ച ചെയ്യാൻ എന്തിരിക്കുന്നുവെന്നു തോന്നുന്നുണ്ടാകുമല്ലേ. എന്നാൽ സംഗതി അത്ര സിമ്പിളല്ല. ഒരൊറ്റ നോട്ടത്തിൽ മനോഹരമായ കാലുകളിൽ എണ്ണതേച്ചു വച്ചിരിക്കുകയാണെന്നേ തോന്നൂ, എന്തൊരു തിളക്കം എന്നും പറയാൻ തോന്നും. എന്നാൽ ഇനി ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കേ ആ കാലുകൾ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലല്ലേ വച്ചിരിക്കുന്നത്? അതിന്റെ തിളക്കമല്ലേ ആ കാണുന്നത്? ഇനി സർവശ്രദ്ധയും കൊടുത്ത് സൂക്ഷ്മമായി ഒന്നുകൂടി നോക്കിയാലോ നഗ്നമായ ആ കാലുകളിൽ അവിടവിടെയായി പെയിന്റ് ചെയ്തതാണെന്നേ തോന്നൂ.

എന്തായാലൂം മൂന്നു തോന്നലുകളും സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ് മിക്കയാളുകളും. ഒപ്റ്റിക്കൽ ഇല്യൂഷൻ അങ്ങനെ അരങ്ങു തകർക്കുമ്പോൾ മിഴികളുറ്റു നോക്കി നിങ്ങളും പറയൂ ഈ കാലുകൾക്കു പിന്നിലെ മാജിക് എന്താണെന്ന്?