പിഞ്ചുകുഞ്ഞിന് മദ്യവും സിഗരറ്റും നൽകുന്ന വിഡിയോ; പ്രതികളെ തിരയുന്നു

വൈറലാകുവാൻ കുട്ടികളെ വച്ച് അതിശയകരമായ വിഡിയോകൾ നിർമ്മിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണ്. അവയിൽ പലതും കുട്ടികൾ അറിയാതെ തന്നെ മാനസികമായും ശാരീരികമായും പീഡനമാകുന്നുമുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയും അത്തരത്തിലൊന്നാണ്. പിഞ്ചുകുഞ്ഞിന് മദ്യവും സിഗരറ്റും നൽകുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. സംഭവത്തിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

സ്പെയിനിലെ ഒരു കഫേയ്ക്കു പുറത്തു നിന്നു പകർത്തിയതാണ് വിഡിയോ എന്ന് പൊലീസ് കരുതുന്നു. ഒരു പുരുഷന്റെ മടിയിലിരിക്കുന്ന പിഞ്ചു കുഞ്ഞിന് ബിയർ നൽകുന്നതും നിർബന്ധിച്ച് സിഗരറ്റ് വലിപ്പിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ദൃശ്യങ്ങളിൽ റൊമാനിയക്കാരായ രണ്ടു പേർ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതായാണ് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതാവു തന്നെയാണ് വിഡിയോ പകർത്തുന്നത് എന്നാണ് മനസിലാകുന്നത്.

ഇതു ചെയ്തവരെ കണ്ടെത്താനാവശ്യപ്പെട്ട് മറ്റൊരു റൊമാനിയൻ പൗരനാണ് വിഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസും ഓൺലൈൻ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. അതേ സമയം സോഷ്യൽ മിഡിയയിൽ ഇതു ചെയ്തവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പിതാവെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടെന്നും ഇയാൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.