കൊലുസാൽ കൊഞ്ചും പെണ്ണെ...

വെള്ളി, സ്വർണ്ണം, പ്ലാറ്റിനം തളകൾ ഇപ്പോൾ കുമാരിമാര്‍ക്കിടയിൽ ഫാഷൻ. തളയുടെ മോഡലിലുളള വർക്കിൽ വെളളയും ചുവപ്പും മുത്തുകൾ കോർത്തും ഇടുന്നവരുണ്ട്. വിലക്കൂടുതലുളള ലോഹങ്ങൾ തന്നെ വേണമെന്ന വാശിയൊന്നും പുത്തൻ ഗേള്‍സിനില്ല. പ്ലാസ്റ്റിക്, ഗ്ലാസ്, കക്ക, ചിപ്പി എന്തിന് കട്ടിയുളള വർണനൂലുവരെ കാലിൽ കെട്ടിക്കളയും. ഒറ്റക്കാലിലും രണ്ടു കാലിലും.

തലയിൽ ഇടുന്ന ചിത്രപ്പണികളുളള ഹെയര്‍ബാൻഡുകളില്ലേ... അതു കാലിൽ ഇടുന്നവരുണ്ട്. ഇലാസ്റ്റിക് ബ്രേസ് ലെറ്റുകളും പല സുന്ദരിമാരുടെയും കാലുകളെയാണ് അലങ്കരിക്കുന്നത്. കൊലുസ് എന്നു പറയുമ്പോഴുളള സങ്കൽപത്തെ തന്നെ മാറ്റി മറിക്കുന്ന ഒട്ടിപ്പോ ആങ്ക്‌ലറ്റുകളും വിപണിയിലുണ്ട്. സ്റ്റിക്കർ പൊട്ടു പോലെ സ്റ്റിക്കര്‍ സ്റ്റോൺസും സ്റ്റിക്കർ ഡെക്കറേഷനും വാങ്ങാൻ കിട്ടും. കൊലുസിനു പകരം നല്ല ഡിസൈനിൽ ഇതങ്ങ് ഒട്ടിക്കും. ചിലർ ഒരൊറ്റ കല്ലു മാത്രം ഒട്ടിച്ചു പുതിയ ഫാഷനാക്കും.

സ്ലൈഡിങ് ചെയിൻ ആങ്ക്‌ലറ്റുകളുടെ സ്റ്റാർ പരിവേഷം ഒന്നു വേറെ. നേർത്ത വെളളി, പ്ലാറ്റിനം, സ്വര്‍ണച്ചെയിനിൽ രണ്ടു വർണക്കല്ലുകൾ തൂക്കിയിടും. അതും വെറുതേ തൂക്കുകയല്ല, അൽപം കയറ്റിയിറക്കി... താഴേക്കുളള വെളളി വളളിയില്‍ രണ്ടു മൊട്ടുകൾ പോലെ. അക്വാമറൈൻ, റൂബി റെഡ്, ഓഷൻ ഗ്രീന്‍ കളറുകളിലുളള കല്ലുകൾക്ക് ആവശ്യക്കാരേറെ.