രാഹുൽ ഗാന്ധിയ്ക്കെതിരെ ട്രോൾമഴ; പിഴച്ചത് രാഹുലിനോ മീഡിയയ്ക്കോ?

രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കുമൊക്കെ നാവു പിഴയ്ക്കുന്നതും നോക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ പിന്നെ, ഒരാഴ്ചത്തേയ്ക്ക് സമൂഹമാധ്യമങ്ങൾ അതാഘോഷമാക്കിയിരിക്കും. േകാണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ട ഇരയാണ്. എവിടെ എന്തു പറയുന്നുവെന്നു കാത്തിരിക്കുമ്പോഴാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ സ്റ്റീവ് ജോബ്സ് എന്ന് അദ്ദേഹം കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസംഗത്തിനി‌ടെ പറഞ്ഞത്. എന്നാൽ, ഇക്കുറി രാഹുലിനല്ല അബദ്ധം പറ്റിയത് മീഡിയയ്ക്കാണെന്നും വാദമുയർന്നിട്ടുണ്ട്.

മുംബൈയിലെ നർസീ മോൻജീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഒരിക്കൽ നിങ്ങൾ ഈ രാജ്യത്തെ നയിക്കും, ഇവിടുത്തെ സ്ഥാപനങ്ങൾ നയിക്കും, മൈക്രോസോഫ്റ്റിലെ സ്റ്റീവ് േജാബ്സിനെപ്പോലെയുള്ള പ്രഫഷണലുകൾ ആവും എന്നത്രേ രാഹുൽ പ്രസംഗിച്ചത്. (യൂ വിൽ ബീ ദ സ്റ്റീവ് ജോബ്സ് ഇൻ ദ മൈക്രോസോഫ്റ്റ് ആൻഡ് ദ ലീഡേഴ്സ് ഓഫ് ദ ഫേസ്ബുക് ഓഫ് ദിസ് കൺട്രി.) ഉടൻ തുടങ്ങി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ആണെന്നും സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ മേധാവിയാണെന്നുപോലും അറിയാത്തയാളാണ് രാഹുൽ എന്നു തുടങ്ങുന്നു കളിയാക്കൽ ട്രോളുകൾ.

അതിനിടെ രാഹുലിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. തെറ്റു പറ്റിയത് മീഡിയയ്ക്ക് ആണെന്നും രാഹുൽ പറഞ്ഞത് 'യൂ വീൽ ബി ദ സ്റ്റീവ് ജോബ്സ് ആൻഡ് ദ മൈക്രോസോഫ്റ്റ് ആൻഡ് ദ ലീഡേഴ്സ് ഓഫ് ദ ഫേസ്ബുക്സ് ഓഫ് ദിസ് കൺട്രി' എന്നാണെന്നും പറയുന്നു. സ്റ്റീവ് ജോബ്സിനു മുമ്പായി രാഹുൽ പറയുന്നത് 'ഇൻ ദി' ആണെന്നു തെറ്റിദ്ധരിച്ചതാണ് ട്രോളുകൾക്കു കാരണമെന്നും യഥാർഥത്തിൽ അദ്ദേഹം 'സ്റ്റീവ് ജോബ്സ് ആൻഡ് ദി മൈക്രോസോഫ്റ്റ്സ്' എന്നാണു പറയുന്നതെന്നും വാദം മുറുകുന്നു. എന്തായാലും പ്രസംഗം സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്.