വിഡിയോ വൈറല്‍; യൂബർ ഡ്രൈവറെ ആക്രമിച്ച ലേഡീ ഡോക്ടർ ക്ഷമാപണവുമായി രംഗത്ത്

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒരു പെൺകുട്ടി യൂബർ ഡ്രൈവറെ ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മിയാമിയിൽ നടന്ന സംഭവത്തിൽ അഞ്ജലി രാമകിസൂൺ എന്ന ഡോക്ടറാണ് ‍ഡ്രൈവറെ ചീത്ത വിളിക്കുകയും കടന്നാക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനത്തിൽ കയറി ഡോക്യുമെന്റുകളും ഫോണുമെല്ലാം പുറത്തേയ്ക്കു വലിച്ചെറിയുകയും ചെയ്തത്, വിഡിയോ ദിവസങ്ങൾക്കകം ലോകംമുഴുവൻ വാർത്തയാവുകയും ചെയ്തതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി.

ചെയ്തതോര്‍ത്ത് താൻ ഖേദിക്കുന്നുവെന്നും ഇതുവരെയും വിഡിയോ മുഴുവനായി താൻ കണ്ടിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് താൻ തീർത്തും മദ്യാസക്തിയിലായിരുന്നു. സംഭവം നടന്നയന്ന് തന്റെ പിതാവ് ആശുപത്രിയിലും കാമുകൻ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അപ്പോഴത്തെ ദേഷ്യത്തിന് തന്റെ ക്ഷമ കൈവിട്ടു പോയതാണെന്നു എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അഞ്ജലി ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിഡിയോ വൈറലായതോടെ അ‍ഞ്ജലിയെ സ്ഥാപനത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള നിരവധി പേരിൽ നിന്നും ചീത്തവിളിച്ചുകൊണ്ടുള്ള മെയിലുകളും ലഭിച്ചു. കുടുംബത്തെക്കൂടി ലക്ഷ്യമാക്കി സൈബർ ആക്രമണം വ്യാപിച്ചതോടെയാണ് ക്ഷമാപണവുമായി രംഗത്തെത്താൻ അഞ്ജലി തീരുമാനിച്ചത്.