യുവാവിന്റെ വയറിൽ നിന്നും ഗർഭപാത്രം കണ്ടെത്തി !

Representative Image

'ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ വയറിൽ നിന്നും ഗർഭപാത്രം കണ്ടെത്തി.' വായനയിൽ തെറ്റിയതാണോയെന്നു കരുതി ഒരിക്കൽക്കൂടി നോക്കേണ്ട, സംഗതി സത്യമാണ്. സാധാരണയായി ഹോളിവുഡ് ചിത്രങ്ങളിലൂടെയാണു നമ്മൾ ഒരിക്കലും സംഭവിക്കില്ലാത്ത കാര്യങ്ങളെ മനുഷ്യ ജീവിതങ്ങളിലൂടെ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. ഇത്തരത്തിൽ അമാനുഷിക ചിത്രങ്ങളിലേതു പോലെയുള്ള സംഭവം നടന്നിരിക്കുന്നത് തമിഴ്നാട്ടിലാണ്. മെഡിക്കൽ രംഗത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് യുവാവിന്റെ വയറിൽ നിന്നും ഗർഭപാത്രം കണ്ടെത്തിയ വാർത്ത പുറത്തു വന്നിരിക്കുന്നത്.

തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ അമരേഷ് എന്ന 23കാരനാണ് ഇക്കഴിഞ്ഞ വർഷമത്രയും ഗർഭപാത്രവും പേറി നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അമരേഷ് അസഹ്യമായ വയറു വേദനയെത്തുടർന്ന് കുപ്പത്തെ പ്രിയാ നഴ്സിങ് ഹോമിലെത്തിയത്. തുടർന്നു സ്കാൻ ചെയ്ത ഡോക്ടർമാർ അമരേഷിനു ഹെർണിയയാണെന്നു കണ്ടെത്തി. ശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് അമരേഷിന്റെ വയറിൽ ഗർഭപാത്രം കണ്ടു ഡോക്ടർമാർ ഞെട്ടിയത്.

പിന്നീട് ഡോ സുധീറിന്റെ നേതൃത്വത്തിൽ നടന്ന മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഗർഭപാത്രം നീക്കിയത്. അഞ്ചു കോടി ആളുകളില്‍ ഒരാൾക്കു മാത്രം സംഭവിക്കുന്ന അത്ഭുത പ്രതിഭാസമാണിതെന്ന് സുധീഷ് വ്യക്തമാക്കി. നിലവിൽ അമരേഷ് പൂര്‍ണ ആരോഗ്യവാനാണെന്നും ഇക്കാര്യത്താൽ ഭാവിയിൽ യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്നും ഡോക്ടർ പറഞ്ഞു. അമരേഷിന്റെ സംഭവം സാധാരണക്കാരെ മാത്രമല്ല ആരോഗ്യ രംഗത്തെക്കൂടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.