ആ ലൈവ് ആത്മഹത്യാ വിഡിയോയ്ക്കു പിന്നിലെ സത്യം ഇതാ !

പ്രണയത്തിൽ നിരാശരായി കടുംകൈ ചെയ്യുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കാമുകനോടോ കാമുകിയോടോ ഉള്ള പ്രതികാരം തീർക്കാനായി ഒരുപടി കടന്നാണ് ചിലർ ഇപ്പോൾ പ്രവർത്തിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന്റെ വിഡിയോ ലൈവ് ആയി ചിത്രീകരിച്ച് പ്രണയിനിക്കു നൽ‍കിയാണ് പുതിയരീതിയിലുള്ള പകപോക്കൽ. അടുത്തിടെ സമൂഹമാധ്യമത്തിൽ വൈറലായിരുന്ന ഒരു വിഡിയോ ബ്രേക്അപ്പിൽ മനംനൊന്ത യുവാവ്, സ്കൈപ് വഴി കാമുകിയോടു വിഡിയോ ചാറ്റ് ചെയ്യുന്നതിനിടയിൽ ലൈവ് ആയി ആത്മഹത്യ ചെയ്യുന്നതായിരുന്നു. എന്നാൽ ഈ ലൈവ് ആത്മഹത്യാ വി‍ഡിയോ വ്യാജമാണെന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

നരേഷ് എന്നു പേരുള്ള യുവാവും നിത്യാ ചക്രവർത്തി എന്ന യുവതിയുമാണ് സ്കൈപിലൂടെ വിഡിയോ കോൾ ചെയ്യുന്നത്. കാമുകി തന്നെ ഉപേക്ഷിച്ചു പോകാൻ കാമുകനോടു പറയുന്നതും പ്രണയം അവസാനിപ്പിക്കാം എന്നു പറയുന്നതു വിഡിയോയിൽ നിന്നു കേൾക്കാം. ഇതിൽ മനംനൊന്ത യുവാവ് യുവതിക്കു പിറന്നാൾ സമ്മാനമെന്ന നിലയ്ക്ക് കെട്ടിടത്തിനു മുകളിൽ നിന്നും ചാടുകയാണ്. ​എന്നാൽ വെറുതെയങ്ങു തയ്യാറാക്കിയ ആത്മഹത്യാ വിഡിയോ അല്ലത്, മറിച്ച് പുറത്തിറങ്ങാനിരിക്കുന്ന തെലുഗു ചിത്രമായ വിഷ് യു ഹാപ്പി ബ്രേക്അപ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വിഡിയോ ആണത്രേ.

ക്രെ‍ഡിറ്റോ മറ്റോ വിവരങ്ങളോ നൽകാതെ വിഡിയോ മാത്രം പുറത്തുവിട്ടു ബുദ്ധിപരമായ നീക്കമാണ് അണിയറപ്രവര്‍ത്തകർ ചെയ്തിരിക്കുന്നത്. എന്തായാലും ലൈവ് സൂയിസൈഡ് വിഡിയോ യഥാർഥം ആണെന്നുകരുതി കണ്ണുമടച്ചു വിശ്വസിച്ചവരെല്ലാം ഇളിഭ്യരായിരിക്കുകയാണെന്നു പ്രത്യേകം പറയേണ്ടല്ലോ.