ആ പോലീസുകാരൻ മദ്യപിച്ചിരുന്നില്ല, ഇതുപോലെ ഒരു ദ്രോഹം ഇനി ആരോടും ചെയ്യരുത്!

ഓർമ്മയില്ലേ ഈ പൊലീസുകാരനെ? ഡൽഹി മെട്രോയിൽ കുടിച്ച് ലക്കുകെട്ട് താഴെ വീണ മലയാളിയായ സലിം എന്ന പൊലീസുകാരനെ അത്രവേഗം മറക്കാനാവുമോ? സോഷ്യൽമീഡിയ ഒരുപാട് ആഘോഷിച്ചിരുന്നു അദ്ദേഹത്തിന്റെ വൈറൽ വിഡിയോ. മദ്യപാനിയെന്ന് സലിമിനെ മുദ്ര കുത്തിയ സോഷ്യൽമീഡിയ ഒരു സത്യം ഏറെ വൈകി അറിയു, മദ്യപിച്ചതിനാലല്ല സലിം ലക്കുകെട്ട് പെരുമാറിയത്. മൂന്ന് വർഷം മുമ്പ് കടുത്ത സ്ട്രോക്ക് വന്ന അദ്ദേഹത്തിന് ശരീരത്തിന് തളർച്ചയുണ്ട്, മുഖപേശികൾ കോടിപ്പോയതിനാൽ സംസാരവൈകല്യവും നിലനിൽക്കുന്നു. ശാരീരികമായി അവശനായ ഒരാളെയാണ് ഇത്രയുംനാൾ മദ്യപാനിയെന്നു വിളിച്ചു പരിഹസിച്ചത്.

ആഗസ്ത് 19, 2015നാണ് സലിമിന്റെ വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ വൈറലായതോടെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. സംഭവങ്ങളെല്ലാം അറിഞ്ഞ ഭാര്യ ഹൃദ്രോഗിയായി മാറി. ​സലിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തിന് പക്ഷാഘാതമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്നാണ് സലിമിന്റെ സസ്പെൻഷൻ പിൻവലിച്ചത്.

വിഡിയോ വൈറലായ സമയത്ത് ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ് ബസ്സിയോട് താൻ മദ്യപിച്ചതല്ല, മരുന്ന് കഴിക്കാത്തതിനാൽ ക്ഷീണം മൂലം കാൽ ഉറയ്ക്കാതെ പോയതാണെന്ന് കേണപേക്ഷിച്ച് പറഞ്ഞതാണ്, എന്നാൽ അന്ന് ആരും അത് ചെവിക്കൊണ്ടില്ല. ദേശീയ മാധ്യമങ്ങളുൾപ്പടെ വലിയ വാർത്തയാക്കിയതാണ് സലിമിന്റെ വിഷമം. എന്നാൽ ജോലിയിൽ തിരിച്ചെടുത്ത വിവരം ഒരു മാധ്യമവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്തബന്ധുകൾക്ക് മാത്രമേ സലിമിന്റെ നിരപരാധിത്വം അറിയൂ. പക്ഷെ മറ്റുള്ളവരുടെ മുന്നിലിപ്പോഴും മദ്യപാനിയായ ആ പോലീസുകാരൻ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാൻ മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുകയാണ്.ചികിത്സയെത്തുടർന്ന് മൂന്ന് മാസത്തെ അവധിയ്ക്ക് സലിം നാട്ടിലെത്തിയിട്ടുണ്ട്.