ജപ്പാനില്‍ പുരുഷന്‍മാരും 'ഗര്‍ഭം' ധരിക്കണം!

ജപ്പാനിലെ ആണുങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. 2014ല്‍ പുറത്തുവന്ന ഒരു പഠനം അനുസരിച്ച് ഇവരാണത്രെ ലോകത്ത് ഏറ്റവും സഹായമനസ്ഥിതി ഇല്ലാത്തവര്‍, കുടുംബത്തിന്റെ കാര്യം വരുമ്പോഴാണേ. കുട്ടികളെ നോക്കുന്നതിലും വീട്ടുകാര്യങ്ങളിലും അവര്‍ക്ക് യാതൊരുവിധ താല്‍പ്പര്യവുമില്ലത്രെ. ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജപ്പാനിലെ മൂന്ന് ജില്ലകളിലെ ഗവര്‍ണർമാര്‍.

അവര്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു ടിവി പരസ്യവും പുറത്തിറക്കി. 16 പൗണ്ട് പ്രെഗ്നന്‍സി സ്യൂട്ടുമായി ഏഴുമാസം ഗര്‍ഭം ധരിച്ച മട്ടില്‍ എത്തുന്ന പുരുഷന്‍മാരാണ് പരസ്യത്തിന്റെ പ്രത്യേകത. സ്ത്രീകളുടെ കഷ്ടത ഇവര്‍ക്ക് സിംബോളിക്കായെങ്കിലും ബോധ്യപ്പെടാനാണത്രെ ഇത്. ഇങ്ങനത്തെ ബോധവല്‍ക്കരണ കാംപെയ്‌നുകള്‍ ശക്തമാക്കിയാല്‍ പുരുഷന്‍മാര്‍ക്കു വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കൂടുമെന്നാണു പഠനം പറയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ജപ്പാനില്‍ പുരുഷന്‍മാര്‍ ചെയ്യുന്നതിനെക്കാളും അഞ്ചിരട്ടി വീട്ടു ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നത്. ഇതെല്ലാം വിഡിയോ പരസ്യത്തില്‍ പറയുന്നുണ്ട്. 'ഗര്‍ഭണന്‍മാര്‍' കഷ്ടപ്പെട്ട് ദൈനംദിന ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുന്ന രസകരമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വിഡിയോ. ഷൂ ലൈസ് കെട്ടാനും, തുണി അലക്കാനും പാചകം ചെയ്യാനുമെല്ലാം ഗര്‍ഭം ധരിച്ച അവസ്ഥയില്‍ എത്രമാത്രം ബുദ്ധിമുട്ടാകുമെന്നു ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.