ഇത് ചെന്നായയോ? നഗ്നരായ സ്ത്രീകളോ? ചിത്രം വൈറൽ!

ഇറ്റാലിയൻ ആർട്ടിസ്റ്റ് ജോവാനിസ് സ്റ്റോട്ടെർ ഒരുക്കിയ ഇൻസ്റ്റലേഷൻ

ഈ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കൂ... എ​ന്താണു കാണുന്നത്? ഒരു ചെന്നായ എന്നാണോ ഉത്തരം? എങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി. ഒന്നുകൂടി ശ്രദ്ധിച്ച് നോക്കൂ. ചിത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇനി പറയൂ ഇതെന്താണെന്ന്? ഇനിയും ഉത്തരം ചെന്നായ എന്നാണെങ്കിൽ നിങ്ങൾ നിരീക്ഷണ കാര്യത്തില്‍ വട്ടപൂജ്യമാണെന്നു പറയേണ്ടി വരും. കാരണം ഇതൊരു ചെന്നായയല്ല മറിച്ച് നഗ്നരായ മൂന്നു സ്ത്രീകളാണ്. വിശ്വാസം വരുന്നില്ലല്ലേ. ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം യഥാർഥത്തിൽ ഒരു ചലിക്കുന്ന ഇൻസ്റ്റലേഷന്റേതാണ്. ഇറ്റാലിയൻ ആർട്ടിസ്റ്റ് ജോവാനീസ് സ്റ്റോട്ടെർ ആണ് ഈ വിസ്മയം ഒരുക്കിയതിനു പിന്നിൽ.

ജോവാനിസ് സ്റ്റോട്ടെർ മോഡലുകളെ പെയിന്റ് ചെയ്യുന്നു

മൂന്നു യുവതികളെ നഗ്നരാക്കി രൂപപ്പെടുത്തിയ ഈ ഇന്‍സ്റ്റലേഷൻ ഒറ്റനോട്ടത്തിൽ ഒരു ചെന്നായയല്ലെന്ന് ആരും പറയില്ല. ജൂൺ അഞ്ചിന് യൂട്യൂൂബിൽ അപ്‌ലോ‍ഡ് ചെയ്ത ഈ മൂവിങ് ഇൻസ്റ്റലേഷൻ ഇതിനകം തന്നെ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റലേഷൻ ഇത്രത്തോളം മനോഹരമാക്കാനായി പെയിന്റും മോഡലുകളുടെ കൃത്യമായുള്ള പൊസിഷനിങും മാത്രമാണ് ചെയ്തത്. 38കാരനായ ജോവാനീസ് ഏറെ നാളുകളുടെ പരീക്ഷണത്തിനു ശേഷമാണ് തന്റെ മൂവിങ് ഇൻസ്റ്റലേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഇന്നവരേ താൻ ചെയ്തതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായ ഇൻസ്റ്റലേഷനായിരുന്നു ഇതെന്ന് ജോവാനിസ് പറയുന്നു.

എ‌ട്ടുമണിക്കൂറോളം നീണ്ട പെയിന്റിങിനും ഫോട്ടോഷൂട്ടിനും ശേഷമാണ് പെർഫെക്റ്റ് ഇമേജിലേക്കെത്തിയതെന്നു പറയുന്നു ജോവാനിസ്. മൂന്നു സ്ത്രീകളും ശരീരം പലവിധത്തിൽ വളച്ചും കുനിഞ്ഞുമൊക്കെയാണ് ചെന്നായയുടെ ഓരോ ശരീരഭാഗങ്ങൾക്കു സമമായത്. ഒരിക്കൽ റെസ്റ്റോറന്റിൽ വച്ചാണ് താൻ മോഡലായ പെൺകുട്ടികളെ പരിചയപ്പെടുന്നത്. അവരിലൊരാൾ നേരത്തെ തനിക്കു വേണ്ടി മോഡലിങ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ മൃഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇൻസ്റ്റലേഷൻ ചർച്ചയാവുകയും മൂവരും മോഡലിങ് ചെയ്യാൻ തയ്യാറാണെന്നു പറയുകയുമായിരുന്നു. ചെന്നായയു‌ടെ വിവിധ ഫോട്ടോകൾ നോക്കി അവയിലെ പൊസിഷനുകളെ ശ്രദ്ധിച്ചാണ് മുന്നൊരുക്കം നടത്തിയത്.

ഇറ്റാലിയൻ ആർട്ടിസ്റ്റ് ജോവാനിസ് സ്റ്റോട്ടെർ ഒരുക്കിയ ഇൻസ്റ്റലേഷൻ

നേരത്തെയും സമാനമായ രീതിയിൽ മൃഗങ്ങളെ കേന്ദ്രീകരിച്ച് ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഏറ്റവുമധികം പ്രശംസ ലഭിച്ചതും നഗ്നരായ പെൺമോഡലുകളെ വച്ചു ചെയ്ത ഈ ചെന്നായയ്ക്കാണെന്നും ജോവാനിസ് പറയുന്നു. 2012ൽ വേൾഡ് ബോഡി പെയിന്റിങിൽ ചാമ്പ്യനായ ആളാണ് ജോവാനിസ്.