ലിഫ്റ്റിനുള്ളിലെ ശല്യക്കാരനെ ഇടിച്ചു കിടത്തിയ പെൺഹീറോ

കമന്റടിച്ചാലോ പുറകെ നടന്നു ശല്യം ചെയ്താലോ മറുത്തൊന്നും പറയാതെ തലകുനിച്ചു നടക്കുന്ന പെൺകൊടികളുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ പെൺപടയോടു തോണ്ടാനും പിടിക്കാനുമൊക്കെ പോകുന്നതു സൂക്ഷിച്ചു വേണം ഇല്ലെങ്കിൽ സിനിമാ സ്റ്റൈലിൽ തന്നെ നല്ല കിടിലൻ ഇടി കിട്ടും. ഇത്തരത്തിലൊരു ഉശിരൻ പെൺപോരാളിയെ കാണിച്ചു തരുന്നൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ചൈനയില്‍ നിന്നു പുറത്തു വന്നിരിക്കുന്ന സിസിടിവി ഫൂട്ടേജിൽ ലിഫ്റ്റില്‍ വച്ചു ശല്യം ചെയ്യുന്ന പുരുഷനെ സൂപ്പർ പഞ്ചു നൽകി താഴെക്കിടത്തുകയാണ് പെൺകുട്ടി.

ഏപ്രിൽ 24നു നടന്ന സംഭവത്തിന്റെ വിഡിയോ ആണിത്. ലിഫ്റ്റിനുള്ളിൽ യുവതിയ്ക്കു പിന്നാലെ വട്ടം ചുറ്റി നടക്കുന്ന യുവാവ് പുറകുവശത്തു നിന്നു പിടിക്കുമ്പോഴാണ് യുവതി ഞെട്ടിപ്പിക്കുന്ന വിധത്തിൽ പ്രതിരോധിക്കുന്നത്. ഡാൻസും പാട്ടുമൊക്കെ പഠിപ്പിക്കുന്നതിനൊപ്പം പെൺകു‌ട്ടികള്‍ക്ക് സ്വയംപ്രതിരോധത്തിന്റെ ബാലപാഠങ്ങൾ ചെറുപ്പത്തിലേ പകർന്നു നൽകണമെന്നു കൂടി വ്യക്തമാക്കുന്നതാണ് വിഡിയോ. എന്തായാലും ഒരു കാര്യം ഉറപ്പാണ് ഇനിയൊരു പെണ്ണിനെയും പിടിക്കുക പോയിട്ട് നോക്കുക പോലും ചെയ്യില്ല ആ യുവാവ്.