പ്രേതമുണ്ട്, ധൈര്യമുള്ളവർ മാത്രം കാണുക ഈ സിസിടിവി ദൃശ്യങ്ങൾ

പ്രേതങ്ങളേയും ആത്മാവിനേയും കുറിച്ചു ധാരാളം കഥകളാണുള്ളത്. ഇന്നേവരെ പ്രേതങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് വ്യക്തമായ ഒരുത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. എങ്കിലും പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കും കഥകൾക്കും ഒരു പഞ്ഞവുമില്ല. പ്രേതങ്ങളുണ്ട് എന്ന തെളിവുമായി ഒരുപാട് പേർ എത്തിയിട്ടുമുണ്ട്. ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ കണ്ടാൽ പ്രേതമില്ലെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ പോലും ഒന്നു സംശയിക്കും, അങ്ങനെ എന്തോ ഒന്ന് ഇല്ലേയെന്ന്.

ഇന്നത്തെക്കാലത്ത് പ്രേതങ്ങളോ? അങ്ങനെയൊരു സംഭവമേയില്ല എന്നൊക്കെ പറയാൻ വരട്ടെ. ഈ വിഡിയോ കണ്ടു നോക്കൂ.. രാത്രിയുറക്കത്തിനിടെ സ്ഥിരമായി എന്തൊക്കെയോ തടസങ്ങളായിരുന്നു ഐറിസ് അലാമോ എന്ന യുവതിക്ക്, ഒന്ന് ഉറങ്ങാൻ പോലും 'എന്തോ ഒന്ന്' സമ്മതിക്കാത്തതുപോലെ. ഉറങ്ങി വരുമ്പോഴാകും പുതച്ചിരുക്കുന്ന ബെഡ് ഷീറ്റ് ആരോ വലിച്ചു മാറ്റുന്നത്. മാത്രമല്ല, മുറിയിലെ ലൈറ്റുകൾ തനിയെ കത്തുകയും കെടുകയുമൊക്ക ചെയ്യും. ഇങ്ങനൊക്കെ നടന്നാൽ പിന്നെ എങ്ങനെയാണ് സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റുന്നത്?

എന്താണു തൻറെ മുറിയിൽ നടക്കുന്നതെന്നറിയാതെ ആകെ കുഴങ്ങിയ ഐറിസ് അവസാനം മുറിയിൽ സി സി ടി വി കാമറ വെക്കുകയായിരുന്നു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അവിശ്വസനീയമായിരുന്നു. ഐറിസ് നല്ല ഉറക്കത്തിലാണ്. പതിയെ ബാത്‌റൂമിൻറെ വാതില്‍ തനിയെ തുറക്കുന്നത് കാണാം. പുതച്ചിരിക്കുന്ന ബെഡ്ഷീറ്റ് അവളുടെ ശരീരത്തു നിന്നും ആരോ വലിച്ചു മാറ്റുന്നതും ഐറിസ് ഞെട്ടി എഴുന്നേൽക്കുന്നതും കാണാം. മുറിയിലെ ലൈറ്റുകൾ തനിയെ കത്തുകയും കെടുകയും ചെയ്യുന്നു. എന്താണു സംഭവിക്കുന്നതെന്നു പിടികിട്ടാതെ അവൾ ബാത്റൂമിലേക്കു പോയി തിരിച്ചു വരുമ്പോഴും ലൈറ്റുകൾ മിന്നിക്കൊണ്ടു തന്നെയിരിക്കുകയാണ്.

വൃത്താകൃതിയിലുള്ള ഒരു പ്രകാശം മുറിയിലാകെ ചുറ്റിക്കറങ്ങുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ആകെ പേടിച്ച ഐറിസ് ബെഡിൽ ചുരുണ്ടു കൂടിയിരുന്ന് ഫോണിൽ പരതുന്നതും കാണാം. എന്തായാലും മുറിൽ സംഭവിച്ച ഈ അസ്വാഭാവികമായ കാര്യങ്ങൾ ഐറിസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ശരിക്കും സംഭവിക്കുന്നത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും ഏതോ അദൃശ്യ ശക്തി ആ മുറിയിലുണ്ടന്നു തന്നെയാണ് വിഡിയോ കാണുന്നവർ പറയുന്നത്.