പതിനാറാം നൂറ്റാണ്ടിലെ പ്രേതത്തെ കണ്ടു ഞെട്ടി ഫോട്ടോഗ്രാഫർ !

ലാറ ടെൽടോ പകർത്തിയ ചിത്രം

പ്രേതം ഉണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുമ്പോഴും ദിനംപ്രതി പ്രേതം പതിഞ്ഞ ഫോട്ടോകളും വിഡിയോകളും കൊണ്ടു നിറയുകയാണ് സമൂഹമാധ്യമം. താനെടുത്ത ചിത്രത്തിലുള്ളതു പ്രേതം തന്നെയാണെന്ന വാദത്തിലുറച്ച് പകർത്തിയയാൾ നിൽക്കുമ്പോൾ അതു കെട്ടിച്ചമച്ചതാണെന്ന വാദവുമായി മറുപക്ഷക്കാരും വരാറുണ്ട്. ഇപ്പോഴിതാ മറ്റൊരു പ്രേതം കൂടി ചർച്ചയാവുകയാണ്, അതും പതിനാറാം നൂറ്റാണ്ടിലെ പ്രേതം.

ബ്രിസ്റ്റോൾ സ്വദേശിയായ ലാറ ടെൽടോയാണു താൻ പകർത്തിയ ചിത്രത്തിൽ പ്രേതത്തിനു സമാനമായൊരു രൂപം കണ്ടു ഞെട്ടിയിരിക്കുന്നത്. പ്രശസ്തമായ ഗ്ലാസ്റ്റൻബറി സന്യാസിമഠത്തിലെ സംഗീതപരിപാടി ആസ്വദിക്കുന്നതിനിടയിൽ എടുത്ത ചിത്രത്തിലാണ് അവ്യക്തമായൊരു കറുത്തരൂപം ഇരുപത്തിനാലുകാരിയായ ലാറയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു സന്യാസിമഠത്തെക്കുറിച്ചു കൂടുതൽ ഗവേഷണം നടത്തിയപ്പോഴാണ് പതിനാറാം നൂറ്റാണ്ടിൽ ഹെൻറി മൂന്നാമനാൽ കൊല്ലപ്പെട്ട സന്യാസിയുടെ പ്രേതമായിരിക്കാം തന്റെ ഫോട്ടോയിൽ പതിഞ്ഞിരിക്കുന്നതെന്ന വാദത്തിൽ എത്തിയതെന്ന് ലാറ പറയുന്നു.

ലാറ ടെൽടോ പകർത്തിയ ചിത്രം

താൻ ആ ചിത്രമെടുക്കുമ്പോൾ സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ലെന്ന് തനിക്ക് ഉറപ്പാണെന്നും പിന്നീടു ചിത്രം കൂടുതൽ നിരീക്ഷിച്ചപ്പോഴാണ് സന്യാസിയെപ്പോലെ തോന്നിക്കുന്ന ഒരു കറുത്തരൂപത്തെ കണ്ടത‌‌െന്നും ലാറ വ്യക്തമാക്കി. നേരത്തെയും പലരും സന്യാസിമഠത്തിൽ ഇത്തരം രൂപങ്ങൾ കണ്ടതായി പറഞ്ഞിട്ടുണ്ടെന്നും ലാറ പറയുന്നു.

1539ൽ ഹെന്‍റി മൂന്നാമൻ ഗ്ലാസ്റ്റന്‍ബറി സന്യാസിമഠം അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. എ​ന്നാൽ മഠാധിപതിയും മറ്റു രണ്ടു സന്യാസിമാരും അതിനോടു വഴങ്ങിയിരുന്നില്ല. തുടർന്ന് മൂന്നുപേരെയും തൂക്കിലേറ്റുകയും ശരീരഭാഗങ്ങൾ ഛേദിച്ച് പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ ആത്മാവാണു ചിത്രത്തിൽ പതിഞ്ഞിരിക്കുന്നതെന്നാണ് വാദം ഉയർന്നിരിക്കുന്നത്.