ഗുസ്തിയിൽ പുരുഷനെ ഒരു മിനുട്ടിനുള്ളിൽ മലർത്തിയടിച്ച് പെൺപുലി

പുരുഷ പ്രതിയോഗിയെ മലർത്തിയടിക്കുന്ന റാണി റാണ

ഗുസ്തിയും മല്‍പ്പി‌ടുത്തവുമൊക്കെ പുരുഷന്മാരുടെ മാത്രം ഏരിയയാണെന്ന് ആരാണു പറഞ്ഞത്? ഇനി സ്ത്രീകൾ മത്സരിക്കുകയാണെങ്കിൽ തന്നെ അതു സ്ത്രീകൾക്കൊപ്പം മാത്രമായാലേ വിജയിക്കാനാവൂ എന്നും കരതുന്നുണ്ടോ? ഇരുപ്പത്തിയൊന്നുകാരിയായ റാണി റാണയെ കാണുംവരെ മാത്രമേ ഈ സംശയങ്ങൾ നിൽക്കൂ. കാരണം റാണിയ്ക്ക് അങ്കത്തട്ടില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല, പ്രതിയോഗിയ‌ നിമിഷങ്ങൾക്കുള്ളിൽ മലർത്തിയടിയ്ക്കും ഈ പുലിക്കുട്ടി. മധ്യപ്രദേശിലെ മോവിൽ നടന്ന ഗുസ്തിയിൽ എതിർപോരാളിയായിരുന്ന പുരുഷനെ റാണി മുട്ടുകുത്തിച്ചത് വെറും ഒരു മിനുട്ടുകൊണ്ടാണ്.

ശനിയാഴ്ച്ച മകര സംക്രാന്ത്രിയോടനുബന്ധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച് ദാദാ ഭിൽചന്ദ്ര സുൽ റെസ്‍ലിങ് മത്സരത്തിലാണ് റാണി വിജയം വരിച്ചത്. ആദ്യം ഇൻഡോറിൽ നിന്നുള്ള ചിത്ര യാദവ് എന്ന ഇരുപത്തിരണ്ടുകാരിയെ തറ പറ്റിച്ചതിനു പിന്നാലെയാണ് വിനോദ് പ്രജാപതി എന്ന യുവാവിനൊപ്പം റാണി മത്സരിച്ചത്. റാണിയുടെ വിജയം അവളുടെ മാത്രം ആത്മവിശ്വാസമല്ല വർധിപ്പിക്കുന്നത് സംസ്ഥാനത്തുള്ള മറ്റുവനിതാ ഗുസ്തിതാരങ്ങൾക്കുള്ള പ്രചോദനം കൂടിയാണെന്ന് മുൻ ഒളിമ്പ്യൻ കൂടിയായ കൃപാശങ്കർ പട്ടേൽ പറഞ്ഞു. തങ്ങൾ സ്ത്രീകളും പുരുഷന്മാരേക്കാൾ ശക്തിയിൽ ഒട്ടും പിന്നിൽ അല്ലെന്നു ജനങ്ങളെ കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു റാണി പറഞ്ഞു. 2010ൽ റെസ്‍ലിങ് ആരംഭിച്ച റാണി ഇന്ന് ഇൻഡോറിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിലാണു പരിശീലനം നടത്തിവരുന്നത്.