പ്രായം കുറയ്ക്കാൻ ബ്യൂട്ടി തെറാപ്പി ചെയ്തു, ഒടുവിൽ... , ഞെട്ടിക്കും ഈ 54കാരിയുടെ കഥ!

കാരോൾ ബ്രയാൻ ബ്യൂട്ടി തെറാപ്പി ചെയ്യും മുമ്പ്

നിറം വെക്കാനും കവിൾ തുടുക്കാനും ചുളിവുകൾ മായാനുമൊക്കെ എന്തും ചെയ്യാൻ തയാറാണ് ഇന്നത്തെ തലമുറ. പക്ഷേ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. കയ്യിലിരിക്കുന്ന കാശു മുഴുവൻ ചിലവാക്കി നിങ്ങൾ ചെയ്യുന്നതു ഫലം ചെയ്യുമോ എന്ന്. പലപ്പോഴും പല സ്ഥലങ്ങളിലും മികച്ച റിസൽട്ട് നൽകും എന്നു പറയുന്നവ പലതും വിപരീതഫലമാണ് നൽകുന്നതെന്നു പറയുകയാണ് ഒരു യുവതി. തന്റെ മുഖം സുന്ദരമാക്കാൻ വേണ്ടി ചെയ്തത് ഒടുവിൽ അവളെ വിരൂപയാക്കുകയാണത്രേ ചെയ്തത്.

കാരോൾ ബ്രയാൻ എന്ന അമ്പത്തിനാലുകാരിക്കാണ് ആ ദുരന്തം സംഭവിച്ചത്. കണ്ണിനു താഴെ കുഴിയുന്നതു മാറ്റാനായി തന്റെ മുപ്പതുകളിൽ മുതൽ സൗന്ദര്യ വര്‍ധക പ്രക്രിയകൾ ചെയ്തിരുന്നുവെന്ന് കാരോൾ പറയുന്നു. 2009ലാണ് കാരോൾ തന്റെ പ്രായം കുറച്ചു തോന്നിക്കാനും ചുളിവുകൾ ഇല്ലാതാക്കാനും ഫില്ലേഴ്സ് ചെയ്യാന്‍ തീരുമാനിച്ചത്. ആത്മവിശ്വാസത്തോടെ ഫില്ലേഴ്സ് ചെയ്തു സന്തോഷപൂർവം തിരികെയെത്തിയ കാരോൾ പക്ഷേ ആഴ്ചകൾക്കു ശേഷം തനിക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ കണ്ടു ഞെട്ടുകയാണുണ്ടായത്. മുഖത്തിന്റെ തെറ്റായ ഭാഗങ്ങളിൽ ഫില്ലേഴ്സ് കുത്തിവച്ചതിന്റെ ഭാഗമായി നെറ്റിയാകെ നീരുവച്ചു വീർക്കാൻ തുടങ്ങി.

കാരോൾ ബ്രയാൻ ബ്യൂട്ടി തെറാപ്പി ചെയ്തതിനു ശേഷം, സർജറികൾക്കൊടുവില്‍ സ്വാഭാവിക രൂപം വീണ്ടെടുത്ത കാരോൾ

ആദ്യം അതു പതിയെ മാറിക്കോളും എന്നു കരുതിയെങ്കിലും ദിനംപ്രതി നീരു വർധിച്ച് മുഖം വികൃതമാകുവാൻ തുടങ്ങി. ക്രമേണ ഒരു കണ്ണു മുഴുവനായി മൂ‌ടപ്പെടുകയും മറുകണ്ണ് ഏതാണ്ട് ഭൂരിഭാഗവും നീരുവന്നു ചെറുതാവുകയും ചെയ്തു. കഴിഞ്ഞ ആറുവർഷമായി കാരോൾ തന്റെ മുഖം മറയ്ക്കാതെ പുറത്തിറങ്ങാറില്ല. ഒരുവേള ആത്മഹത്യക്കു വേണ്ടി പോലും ശ്രമിച്ചിരുന്നുവെന്ന് കാരോൾ പറയുന്നു.

മൂന്നരവർഷത്തോളം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളില്‍ നിന്നും െപാതുസദസുകളിൽ നിന്നുമൊക്കെ അകന്നു. സ്വയം ഒരു വിരൂപയെപ്പോലെ തോന്നിച്ചതോടെ സദാസമയം തൊപ്പിയും സ്കാർവ്സും സൺഗ്ലാസും ധരിച്ചു മാത്രം പുറത്തിറങ്ങി. പതിയെ മുഖം വീണ്ടും പഴയപടി ആക്കുന്നതിനായി സർജറികൾ ആരംഭിച്ചു. എങ്കിലും മുമ്പത്തേതുപോലെ സുന്ദരമായ മുഖം ഒരിക്കലും ലഭിക്കില്ലെന്ന് ആദ്യമേ ഡോക്ടർമാർ അറിയിച്ചു.

സർജറികളുടെ ഫലമായി ഇന്ന് കാരോളിന്റെ മുഖം വികൃത രൂപത്തിൽ നിന്നും ഏറെ മാറി. തന്നെപ്പോലെ മുൻപിൻ നോക്കാതെ സൗന്ദര്യം വർധിപ്പിക്കാനായി എടുത്തുചാടരുതെന്നും വിശ്വാസയോഗ്യമായ സ്ഥലങ്ങളെ മാത്രം ഇത്തരം കാര്യങ്ങൾക്കായി സമീപിക്കണമെന്നും വ്യക്തമാക്കുകയാണ് കാരോൾ.