അതെ, ഞാൻ നിന്നെ സ്നേഹിക്കുന്നു!

ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി തള്ളിനീങ്ങുന്ന പ്രണയജീവിതത്തിൽ അവൾക്കായി ഒരു ദിനം വേണ്ടേ? വിഷമം വരുമ്പോൾ തോളിൽ തല ചായ്ക്കാനും പരിഭവങ്ങൾ പങ്കുവെക്കാനും സന്തോഷങ്ങൾ ആഘോഷിക്കാനുമെല്ലാം നിഴൽ പോലെ കൂടെ നിൽക്കുന്ന പ്രണയിനിക്കു വേണ്ടിയുള്ള ദിവസമാണിന്ന്. തിരക്കുകളിലും ഒരിത്തിരി സമയം കണ്ടെത്താം, സ്വപ്ന പങ്കാളിക്കു വേണ്ടി. പ്രണയിനിയെ സന്തോഷിപ്പിക്കാൻ അപ്രതീക്ഷിത സമ്മാനങ്ങളും നൽകാം. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലമാണെങ്കിലും പ്രണയത്തിന്റെ തീവ്രതയ്ക്കിന്നും മാറ്റമൊന്നും വന്നിട്ടില്ല. ഗേൾഫ്രണ്ട് ദിനത്തിൽ പ്രണയിനിയെ സന്തോഷിപ്പിക്കാൻ ചില നമ്പരുകൾ

∙ യാത്രകൾ ഇഷ്ടമില്ലാത്തവർ തീരെ കുറവായിരിക്കും .പ്രണയിനിക്കൊപ്പം ബഡ്ജറ്റിലൊതുങ്ങുന്ന ചെറിയ യാത്രകളാവാം. അതിൽപ്പരം സന്തോഷം അവൾക്കിനി കിട്ടാനില്ല.

∙ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ പ്രണയവാക്യങ്ങൾ സമ്മാനിക്കാം. അതും സ്വന്തം വരികൾ തന്നെയാണെങ്കിൽ അത്രയും നല്ലത്. ലവ് ലെറ്ററിനിന്നും മാധുര്യമൊന്നും കുറഞ്ഞിട്ടില്ല.

∙ പ്രണയനാളുകളിൽ നിങ്ങളെടുത്ത ഫോട്ടോസ് വച്ച് ഒരു പ്രണയ ആൽബം തന്നെയുണ്ടാക്കി സമ്മാനിക്കാം. ഏറ്റവും മികച്ച ഒരോർമ്മയായിരിക്കും അത്.

∙ നിങ്ങളുടെ പ്രണയിനി പാട്ടു സ്നേഹിക്കുന്നയാളാണെങ്കിൽ അവർക്കിഷ്ടമുള്ള പാട്ടുകളും വായനയെ ഇഷ്ടപ്പെടുന്നയാളാണെങ്കിൽ നല്ല പുസ്തകങ്ങളും സമ്മാനിക്കാം.

∙ പ്രണയം പൈങ്കിളി തന്നെയാണ്, പൂക്കുടകൾ, ഗ്രീറ്റിങ് കാർഡുകൾ തുടങ്ങിയ കുഞ്ഞു സമ്മാനങ്ങൾ മുതൽ പോക്കറ്റിനനുസരിച്ച് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനിക്കാം.

∙ നിങ്ങൾ നിങ്ങളുടെ പ്രണയിനിയെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ പരാജിതനാണു നിങ്ങൾ. അവൾ ആഗ്രഹിക്കുമ്പോൾ തന്നെ ഇഷ്ടം പ്രകടിപ്പിക്കണം. അതിൽക്കൂടുതൽ സമ്മാനമൊന്നും നൽകാനില്ല. പ്രണയിനിക്കായുള്ള ദിനത്തിൽ കണ്ണിൽ നോക്കി നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു പറയുന്നതു തന്നെ ധാരാളമാണ് സന്തോഷിക്കാൻ.