വിവാഹ നിശ്ചയത്തിന് കിടിലൻ ലുക്കിൽ മേഘ്നയും ചിരഞ്ജീവിയും

മേഘ്നാ രാജും ചിരഞ്ജീവി സർജയും ,വിവാഹനിശ്ചയ സമയത്തും ശേഷം നടന്ന റിസപ്ഷനും എടുത്ത ചിത്രങ്ങൾ

നടി മേഘ്നാ രാജും നടൻ ചിരഞ്ജീവി സർജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഞായറാഴ്ച ബെംഗളൂരുവിൽ വച്ചു നടന്ന സ്വകാര്യ പരിപാടിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്ക‌െടുത്തത്. പട്ടുപു‌ടവയുടുത്ത് മിതമായ ആഭരണങ്ങളോടെയാണ് നിശ്ചയ ചടങ്ങിന് മേഘ്ന എത്തിയത്, ചിരഞ്ജീവിയാകട്ടെ പരമ്പരാഗത രീതിയിലുള്ള കസവുകരമുണ്ടും സിൽക്ക് ഷർട്ടുമാണ് ധരിച്ചത്. 

രാവിലെ നടന്ന പരമ്പരാഗത രീതിയിലുള്ള ചടങ്ങുകൾക്കു ശേഷം വൈകിട്ട് എൻഗേജ്മെന്റ് റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. മനോഹരമായ ഗൗണില്‍ മേഘ്ന എത്തിയപ്പോൾ കിടിലൻ സ്യൂട്ടിൽ ചിരഞ്ജീവിയും വന്നു. സിനിമാ രംഗത്തു നിന്നുള്ള നിരവധി താരങ്ങളാണ് വിരുന്നിനു പങ്കെടുത്തത്. വിവാഹ നിശ്ചയ വിരുന്നിനു മുന്‍പെ ഇരുവരും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. 

വിവാഹനിശ്ചയത്തെക്കുറിച്ച് മേഘ്നയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, '' മക്കൾക്കു നല്ല ജീവിതം ലഭിക്കുക എന്ന ഏതൊരു മാതാപിതാക്കളുടെയും സ്വപ്നം പോലെ എന്റെ മാതാപിതാക്കളും ഇപ്പോൾ വളരെ സന്തുഷ്ടരാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നേരത്തേതൊട്ടേ പരിചയമുണ്ട്.'' 

പ്രശസ്ത തമിഴ്നടൻ അർജുൻ സർജയുടെ അനന്തിരവനാണ് ചിരഞ്ജീവി സർജ. തെലുഗു ചിത്രത്തിലൂടെ സിനിമാ രംഗത്തു കാലുകുത്തിയ മേഘ്ന നിരവധി മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കളായ സുന്ദർ രാജിന്റെയും പ്രമീള ജോളിയുടെയും പുത്രിയാണ് മേഘ്ന.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam