ഷാരൂഖും ആമിറും സച്ചിനും പങ്കെടുക്കും;വിരാടിനും അനുഷ്കയ്ക്കും ഗ്രാൻഡ് വെഡ്ഡിങ്

ബോളിവുഡ് ലോകത്തു നിന്ന് ആമിർ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ‌ തമ്പുരാൻ സച്ചിൻ ടെന്‍ഡുൽക്കറും യുവരാജ് സിങ്ങും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരങ്ങൾ...

ബോളിവുഡും ക്രിക്കറ്റ് ലോകവും ആകാംക്ഷയോടെ കാത്തിരുന്ന ആ വിവാഹം ഇങ്ങടുത്തെത്തിക്കഴിഞ്ഞു. ഇറ്റലിയില്‍ നടക്കുന്ന വിരാട് കോഹ്‌ലി - അനുഷ്ക ശർമ ഗ്രാൻഡ് വെഡ്ഡിങ്ങിൽ സെലിബ്രിറ്റി ലോകത്തുനിന്ന് ആരെല്ലാം പങ്കെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഏതാനും താരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ന‌ടക്കുന്ന ഇറ്റാലിയൻ വെഡ്ഡിങ് തീർത്തും സ്വകാര്യമായൊരു ചടങ്ങായിരിക്കുമെന്നും കേൾക്കുന്നുണ്ട്. എന്തായാലും ബോളിവുഡിൽനിന്ന് ആമിർ ഖാനും ഷാരൂഖ് ഖാനും ക്രിക്കറ്റിന്റെ‌ തമ്പുരാൻ സച്ചിൻ തെന്‍ഡുൽക്കറും യുവ്‌രാജ് സിങ്ങും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് പുതിയ വിവരം. 

വിവാഹ തീയതിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണു കേൾക്കുന്നത്. ഡിസംബർ പന്ത്രണ്ടോ പതിനെട്ടോ ആകാനാണ് സാധ്യത. ജനുവരി പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്യും. ഇറ്റലിയിലെ ടസ്കനിയിലുള്ള ഹെറിറ്റേജ് റിസോർട്ട് ആണ് വിവാഹത്തിനു േവദിയാകാൻ േപാകുന്നത്. റിസോർട്ടിനു ചുറ്റും കനത്ത സുരക്ഷാവലയം ഒരുക്കുന്നതിനൊപ്പം, ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കുന്നുള്ളു. പരമ്പരാഗത പഞ്ചാബി സ്റ്റൈലിലുള്ള വിവാഹമായിരിക്കും നടക്കുക എന്നും കേൾക്കുന്നു. 

വിവാഹം കൊഴുപ്പിക്കാനായി പ്രഫഷണൽ ബാങ്ക ഡാൻസും ഉണ്ടാകും. പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നത്. ഇറ്റലിയിലെ വിവാഹം കഴിഞ്ഞ് തിരിച്ചെത്തുന്ന ദമ്പതികൾ 26 ന് മുംബൈയിൽ സിനിമാ–ക്രിക്കറ്റ് രംഗത്തെ സുഹൃത്തുക്കൾക്കായി വമ്പൻ വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. 

ഡിസംബറിൽ കോഹ്‌‌ലിയും അനുഷ്കയും വിവാഹിതരാകുമെന്ന് നേരത്തെ വാര്‍ത്തകൾ പുറത്തു വന്നിരുന്നു. പന്ത്രണ്ട് എന്ന തീയതിയായിരിക്കും അനുഷ്ക തിരഞ്ഞെടുക്കാൻ സാധ്യതയെന്നും പ്രചരിച്ചിരുന്നു. 2008 ഡിസംബർ പന്ത്രണ്ടിനാണ് അനുഷ്ക രബ്നേ ബനാദേ ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ദിവസത്തോടുള്ള പ്രിയം കൊണ്ടുകൂടിയാണ് വിവാഹതീയതിയും അതു തന്നെയാക്കാൻ തീരുമാനിച്ചതെന്നായിരുന്നു അഭ്യൂഹം.

2013 ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം അനുഷ്കയും വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. പിന്നീട് വേർപിരിഞ്ഞതായി കഥകൾ വന്നെങ്കിലും യുവ്‌രാജ് സിങ്ങിന്റെ വിവാഹത്തിന് ഒന്നിച്ചെത്തിയതോടെ താരപ്രണയം തകർന്നിട്ടില്ലെന്നു വ്യക്തമായി.

തുടർന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam