റൊണാൾഡീഞ്ഞോ വിവാഹിതനാകുന്നു, ഒന്നല്ല, രണ്ടുപേരെ !

റൊണാള്‍ഡീഞ്ഞോ പ്രിസില്ലയ്ക്കും ബിയാട്രിസിനൊപ്പം

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കല്യാണത്തിരക്കിലാണ്. ഒന്നല്ല, രണ്ടെണ്ണം. ഒരേസമയം രണ്ടുപേരെയാണ് റൊണാൾഡീഞ്ഞോ വിവാഹം കഴിക്കാനൊരുങ്ങുന്നത്. പ്രിസില്ല കൊയ്ലോ, ബിയാട്രിസ് സൂസ എന്നിവരാണ് റൊണാൾഡീഞ്ഞോയുടെ ഭാവിവധുക്കൾ. 

പ്രിസില്ലയും റൊണാള്‍ഡീഞ്ഞോയും ദീർഘനാളായി പ്രണയത്തിലാണ്. 2016ലാണ് ബിയാട്രിസുമായി താരം പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ മൂവരും റിയോ ഡി ജനീറോയിൽ ഒരേവീട്ടിലാണ് താമസം. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരോടും താരം വിവാഹാഭ്യർഥന നടത്തിയത്. രണ്ടുപേരെയും വിവാഹനിശ്ചയമോതിരവും അണിയിച്ചു. പോക്കറ്റ് മണിയായി ഇരുവര്‍ക്കും 1500 പൗണ്ട് വീതം നൽകി. ഒരേ സമ്മാനങ്ങളാണ് രണ്ടുപേർക്കും നൽകാറ്. 

ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡീഞ്ഞോ. രണ്ടുതവണ ഫിഫ ലോകഫുട്ബോളർ പുരസ്കാരവും ഒരു തവണ ബാലൺദ്യോറും നേടിയിട്ടുണ്ട്. ബ്രസീലിനായി 97 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 33 ഗോള്‍ നേടിയിട്ടുണ്ട്. ലോകകപ്പിൽ രണ്ടുതവണ കാനറിപ്പടയെ പ്രതിനിധീകരിച്ചു. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയത് റൊണാൾഡീഞ്ഞോയുടെ മികവിലാണ്. 

2003ലാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് താരം ബാഴ്സലോണയിലെത്തിയത്.

Read more: Lifestyle Malyalam Magazine, Beauty Tips in Malayalam