'ചെറുപ്പക്കാരേ, 'ഒരു വിവാഹ സഹായം' ചെയ്യുമോ? '

സഞ്ചാരപ്രിയായ കൂട്ടുകാരിക്ക് വരനെ വേണം. അതിനായി കൂട്ടുകാരിയെഴുതിയ വിവാഹസഹായപോസ്റ്റ് വൈറലാകുന്നു. യാത്രകളെ പ്രണയിക്കുന്ന കൂട്ടുകാരിക്കായി പോസ്റ്റിട്ടതാകട്ടെ യാത്രകളെ പ്രാണനെപ്പോലെകരുതുന്ന സജ്ന അലിയും. അപ്പൂപ്പൻതാടിയെന്ന സ്ത്രീകളുടെ യാത്രാകൂട്ടായ്മ തുടങ്ങിയത് സജ്നയാണ്. സജ്നയുടെ കൂട്ടുകാരിക്കാണ് വരനെ വേണ്ടത്. യാത്രകളെ ഇഷ്ടപ്പെടുന്ന വധുവാകുമ്പോൾ ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും യാത്രയുമായി ബന്ധപ്പെട്ടുകിടക്കുന്നു. 

ആറടി ഉയരവും, യാത്രകളോട് പ്രണയവും കുടുംബപുലർത്താൻ ജോലിയുമുള്ള വരനെയാണ് തേടുന്നത്. റൈഡർ എന്നുപറയുമ്പോൾ അതിലും നിബന്ധനയുണ്ട്. കൂട്ടുകാരുടെ കൂടെ മാത്രം കെട്ടിപിടിച്ചുപോകുന്ന റൈഡറാകരുത്. ഭാര്യയേയും കൂടെകൂട്ടണം. പിന്നെ സ്വന്തമായി വണ്ടിയില്ലെങ്കിലും വിഷമിക്കേണ്ട, ലിഫ്റ്റ് ചോദിച്ച് പോകുന്ന സഞ്ചാരത്തിനും (hichhike) സജ്നയുടെ കൂട്ടുകാരി തയാറാണ്. 

സജ്നയുടെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഒരു വിവാഹ സഹായം!!!

(യാത്ര ഇഷ്ട്ടപെടുന്ന അവിവാഹിതരായ ചെറുപ്പക്കാർക്കുള്ള പോസ്റ്റ് )

എനിക്കല്ല..എന്റെ ഒരു ആത്മാർത്ഥ സുഹൃത്തിനാണ്....

29 വയസ്സ് പ്രായം...കാണാൻ സുന്ദരി..കവുങ്ങു എന്നൊക്കെ ഞങ്ങൾ വിളിക്കും നീളം അൽപ്പം കൂടുതൽ ആണേ(168 cm ) ...തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതയാണ്. തിരുവനന്തപുരം ഒരു MNC ൽ നല്ലൊരു ജോലി ഉണ്ട്.. ഏറ്റവും ഇഷ്ട്ടം യാത്രകളോടാണ്...ഇപ്പോൾ വീണ്ടും വിവാഹം ആലോചിക്കുമ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുന്ന കൂടെ യാത്ര ചെയ്യാൻ കൊണ്ട് പോകുന്ന ആളെ ആണ് നോക്കുന്നത്...മാട്രിമോണിയിൽ എന്നും പരതി പരതി ഞങ്ങൾ കൂട്ടുകാർ കളിയാക്കും പോലെ "ഫുൾ പാക്കേജ്" ആയുള്ള കുറെ ചേട്ടന്മാരെയെ കണ്ടുള്ളു...മിനിമം ഒരു ട്രാവലർ അല്ലെങ്കിൽ റൈഡർ വേണം എന്ന് ആഗ്രഹിക്കുന്നത് അഹങ്കാരമല്ലലോ..പക്ഷെ അങ്ങനെ ആരും ആ വഴി വന്നിട്ടില്ല.....റൈഡർ എന്ന് പറയുമ്പോൾ ബൈക്കും കെട്ടിപിടിച്ചു കൂട്ടുകാരോടൊപ്പം മാത്രം യാത്ര പോവുന്ന റൈഡർ അല്ല...ഭാര്യയെ കൂടെ കൊണ്ട് പോവുന്ന റൈഡർ...

വീട്ടുകാരുടെ സമ്മർദ്ദം കൂടി വരുന്ന ഈ അവസ്ഥയിൽ മാട്രിമോണി കനിയാത്തതു കാരണം ആണ് ഇങ്ങനെ ഒരു പരീക്ഷണം.

കൊല്ലം-തിരുവനന്തപുരം ഭാഗത്തു ഉള്ളവർക്ക് മുൻഗണന..

റൈഡർ എന്ന് കേട്ട് അയ്യോ എനിക്ക് ബൈക്ക് ഇല്ലല്ലോ എന്ന് കരുതേണ്ട...യാത്ര ചെയ്യാൻ ഇഷ്ടമാണെങ്കിൽ ഈ കക്ഷി നിങ്ങടെ കൂടെ hichhike നും ഇറങ്ങി വരും

മതം ജാതി അതൊരു വിഷയമാണ് ഇവിടെ...ഹിന്ദു നായർ.. വീട്ടുകാരുടെ സമ്മർദ്ദം നേരത്തെ പറഞ്ഞല്ലോ. അപ്പോൾ ഒരു യുദ്ധം ജയിച്ചു വിവാഹം നടത്താൻ പറ്റുന്ന ഒരു സാഹചര്യം ഇല്ല...

കുടുംബം നോക്കാൻ നല്ലൊരു ജോലിയും ശമ്പളവും മനസ്സ് നിറയെ സ്നേഹവും ഉയരം ആറടിയും ഉള്ളവർ ഈ വഴിയേ വഴിയേ

വാൽക്ഷണം : കാര്യമായിട്ട് ഒരു കാര്യം പറയുമ്പോൾ ചളു ,ട്രോള് ഇങ്ങനെ ഉള്ള സാധനങ്ങൾ ഈ പോസ്റ്റിൽ കൊണ്ടിടരുത് എന്നപേക്ഷ. നീക്കം ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം എനിക്ക് ഉണ്ടെങ്കിലും. പകരം എവിടേലും തെണ്ടി തിരിയുന്ന ആ soul mate ഈ മൈക്ക് പോയന്റിൽ വന്നാൽ ഒരു ലൈഫ് ഇവിടെ ഉണ്ടേ