നവവധുവിനെ എ​ടുത്ത് പൊക്കി വരൻ; പ്രളയകാല വിവാഹ വിഡിയോ വൈറൽ

പ്രളയകാലത്ത് നവവധുവിനെയുമെടുത്ത് വീടിനുള്ളിൽ കയറുന്ന വരന്റെ വിഡിയോ വൈറൽ. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. നനഞ്ഞു കുതിർന്ന സാരി പൊക്കി പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട അവസ്ഥയിലെത്തി നവവധു. 

എന്നാൽ ഭാര്യയെ ബുദ്ധിമുട്ടിച്ചില്ല ഭർത്താവ്. വാഹനത്തിൽനിന്നു പൊക്കിയെടുത്ത് പ്രളയജലത്തിലൂടെ നടന്ന് വീടിനുള്ളിൽ കയറ്റി. എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നത് വിഡിയോയിൽ കേൾക്കാം. സ്ഥലം ഏതാണെന്നോ വിഡിയോയിൽ ഉള്ള ആളുകൾ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എങ്കിലും പ്രളയകാലത്തെ വിവാഹ വിഡിയോ വൈറലാവുകയായിരുന്നു. 

മുന്‍പേ നിശ്ചയിച്ചിരുന്ന പല വിവാഹ ചടങ്ങുകളും അപ്രതീക്ഷിതമായ പ്രളയത്തിൽ പ്രതിസന്ധിയിലായി. മറ്റുമാർഗങ്ങളില്ലാതെ വിവാഹം മാറ്റിവെച്ചവരുമുണ്ട്.