താലി കെട്ടില്ല, കഴിക്കാൻ കപ്പയും മീനും; ഇതാ ഒരു വിപ്ലവ വിവാഹം

ലാളിത്യം കൊണ്ടു ശ്രദ്ധേയമായി ഒരു വിവാഹം. തുറവൂര്‍ സ്വദേശിയായ അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുമാണ്  വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിവാഹവും സത്കാരവും നടത്തിയത്. തികച്ചും ലളിതമായ സത്കാരചടങ്ങിൽ വേദിയില്‍ നവവധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

‘ആത്മാര്‍ഥ സ്‌നേഹമാണ് യഥാര്‍ഥ വിപ്ലവത്തെ നയിക്കുന്നത്’ എന്ന ചെ ഗവാരയുടെ വാക്യമായിരുന്നു വേദിയുടെ പശ്ചാത്തലം. കൂടാതെ വേദിയുടെ മൂലയില്‍ പഴയ ഹീറോ സൈക്കിളും. സദ്യയ്ക്കു പകരം കപ്പയും മീന്‍കറിയുമായിരുന്നു വിരുന്നിനെത്തിയ അതിഥികൾക്കു വിളമ്പിയത്. നവംബര്‍ എട്ടിന് കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. പേപ്പര്‍ ഗ്ലാസിനും പ്ലാസിക് പാത്രങ്ങൾക്കും പകരം ചില്ലുഗ്ലാസുകളും പാത്രങ്ങളും ഉപയോഗിച്ചു. ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് സത്കാരത്തിന്റെ ഭക്ഷണമെത്തിച്ചത്.

പത്രത്തിലെ വിവാഹ പരസ്യം വഴിയാണ് ഇവർ പരിചയപ്പെട്ടത്. ജാതിമതഭേദമന്യേ വിവാഹത്തിനു താത്പര്യമുളള പെണ്‍കുട്ടികളില്‍ നിന്നായിരുന്നു അനൂപ് ആലോചന ക്ഷണിച്ചിരുന്നത്. ഒരേ നിലപാടുള്ള ആളെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു അഖില. എന്നാല്‍ അനൂപിന് വേറെയുമുണ്ടായിരുന്നു നിബന്ധനകള്‍. താലി കെട്ടില്ല, മതപരമായി വിവാഹം കഴിക്കാൻ സാധിക്കില്ല എന്നും അയാൾ തീർത്തു പറഞ്ഞു. അഖില കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളായിരുന്നു അനൂപ് പറഞ്ഞത്.

ആലപ്പുഴ പട്ടികജാതി-വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസറാണ് അനൂപ്. മലപ്പുറം മഞ്ചേരിയിലെ കെഎഎച്ച്എം യൂണിറ്റി വുമണ്‍സ് കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അധ്യാപികയാണ് അഖില.