ചെന്നൈ പെൺകൊടി യുഎസില്‍ താരം, പ്രചോദനം ഈ വിജയകഥ!

ഷെഫാലി രംഗനാഥന്‍

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ വലിയ സ്ഥാനങ്ങളിലെത്തുന്ന വാര്‍ത്തകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. ഷെഫാലി രംഗനാഥന്‍ എന്ന ചെന്നൈ സ്വദേശിനിയുടെയും കഥ ഇതുതന്നെയാണ്. 40കളിലെത്തും മുമ്പ് അമേരിക്കയിലെ സിയാറ്റില്‍ സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി മേയര്‍ എന്ന പദവിയിലാണ് ഷെഫാലി എത്തുന്നത്. ചെന്നൈയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ഷെഫാലി അസാമാന്യമായ പ്രതിബദ്ധതയോടെയാണ് ഓരോ വിജയവും എത്തിപ്പിടിക്കുന്നത്. 

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചോയ്‌സസ് കോയളിഷന്‍ എന്ന സന്നദ്ധ സംഘടനയുടെ തലപ്പത്തിരിക്കുന്ന ഈ മിടുക്കി അമേരിക്കയിലെ ഗതാഗതരംഗത്ത് കൂടുതല്‍ ലളിതമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ എന്നും സക്രിയമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഗതാഗതത്തിന് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്ത മാതൃകകള്‍ വികസിപ്പിക്കുന്നതിലാണ് ഷെഫാലിയുടെ ശ്രദ്ധ. 

ചെന്നൈയില്‍ ജനിച്ച ഷെഫാലി സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തയായിട്ടാണ് ചിന്തിച്ചിരുന്നതെന്ന് പറയുന്നു അച്ഛന്‍ പ്രദീപ് രംഗനാഥന്‍‍. ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനായാണ് ഷെഫാലി 2001ൽ യുഎസിലേക്ക് കുടിയേറിയത്. പിന്നീട് യുഎസായി ജീവിതമണ്ഡലം.

ഷെഫാലി കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പേ വാഷിംഗ്ടണ്‍ ഡിസിയില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയ കാര്യമെല്ലാം രംഗനാഥന്‍ ഓര്‍ക്കുന്നു. 2014-15 വര്‍ഷത്തില്‍ മിഡ് ലെവല്‍ ജീവനക്കാരി മാത്രമായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചോയ്‌സസ് എന്ന എന്‍ജിഒയില്‍ ജോലിക്കു ചേര്‍ന്ന ഷെഫാലി ഇന്നു സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ വരെയെത്തിയത് തന്റെ മകളുടെ കഴിവിനുള്ള ഏറ്റവും വലിയ അംഗീകാരമായാണ് പ്രദീപ് കാണുന്നത്. 

ചെന്നൈയില്‍ ജനിച്ച ഷെഫാലി സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തയായിട്ടാണ്...

പഗറ്റ് സൗണ്ട് ബിസിനസ് ജേണല്‍ പുറത്തിറക്കിയ 40 വയസിനു താഴെയുള്ള 40 പ്രതിഭകളുടെ പട്ടികയിലും ഷെഫാലി ഇടം നേടിയിരുന്നു. ലൈറ്റ് റെയ്ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഷെഫാലി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിലേക്കു നയിച്ചത്. 

ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ഗുഡ് ഷെപ്പേഡ് കോണ്‍വെന്റിലായിരുന്നു ഷെഫാലിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് സ്റ്റെല്ലാ മേരീസില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. എന്‍വിയോണ്‍മെന്റല്‍ സയന്‍സില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട്. 

സിയാറ്റില്‍ നഗരത്തിന്റെ ഭരണ നിര്‍വഹണത്തില്‍ ഷെഫാലിക്ക് നിരവധി കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കുമെന്നാണ് സിയാറ്റില്‍ ടൈംസ് പത്രത്തില്‍ വന്ന എഡിറ്റോറിയലില്‍ വിലയിരുത്തിയത്. 

നയപരമായി ശക്തമായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയായാണ് ഷെഫാലിയെ പത്രം വിശേഷിപ്പിക്കുന്നത്. മാത്രമല്ല, മികച്ച രാഷ്ട്രീയ സംഘാടകയെന്നും. ഗതാഗതം മാത്രമല്ല, സകല മേഖലകളിലും ചെലവുചുരുക്കി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയായ വനിതയായാണ് ഷെഫാലി വിലയിരുത്തപ്പെടുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam