ചതിക്കല്ലേ ചങ്കേ... ഒന്നൊന്നര കുത്തിപ്പൊക്കൽ കാലം!

ഒരൊറ്റ ലൈക്കിൽ ഫെയ്സ്ബുക്കിലെ കാലം ഇന്നു പിന്നോട്ടോടുകയാണ്. അതു കണ്ടു ചിരിച്ചുമറിഞ്ഞ് ചറപറാ കമന്റുകളുമായി ന്യൂജൻ പിള്ളേർ മുന്നോട്ടും. ഏതൊരു ഫ്രീക്കനും കാണും കോലംതിരിഞ്ഞ ലുക്കുള്ള ഒരു ഭൂതകാലം. അത് കുത്തിപുറത്തിടുന്നതാണ് ഫെയ്സ്ബുക്കിലെ ഇപ്പോഴത്തെ ട്രെൻഡ്. കൂട്ടുകാരന്റെ പഴയ കോലം നാട്ടുകാരെ കാണിക്കാനുള്ള തിരക്കിലാണ് ഫെയ്സ്ബുക്കിലെ ചങ്ക് കൂട്ടുകാർ. നാറ്റിക്കരുതെന്ന് കാലുപിടിച്ചു പറഞ്ഞാൽ ഉടൻ വരും കമന്റായി മറുപടി: ‘അയാം ദി സോറി അളിയാ’. പിന്നെ തിരിച്ചുപണി കൊടുക്കുക മാത്രമാണു രക്ഷ. അതിന് അവന്റെ ഭൂതകാല ചിത്രങ്ങളിലെ ‘ഭീകരമായ വേർഷനുകൾ’ തപ്പിയെടുത്തു കുത്തിപ്പൊക്കണം.

ഫെയ്സ്ബുക്കിലെ പഴയ ചിത്രങ്ങളിലും പോസ്റ്റുകളിലും ലൈക്ക് ചെയ്തും കമന്റ് ചെയ്തും ന്യൂസ് ഫീഡിൽ വീണ്ടും പ്രത്യക്ഷപ്പെടുത്തുന്ന പുതിയ കലാപരിപാടിയുടെ പേരാണ് കുത്തിപ്പൊക്കൽ.

സിനിമാതാരങ്ങളുടെ പഴയ ചിത്രങ്ങളാണ് ഫ്രീക്കന്മാർ ആദ്യം കുത്തിപ്പൊക്കിയത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവിൻപോളി, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങി ഒട്ടുമിക്ക താരങ്ങളുടെയും പഴയ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ വീണ്ടും പുതുവെളിച്ചം കണ്ടു. എന്തിനേറെ, ഹോളിവുഡ് താരം വിൻ ഡീസലിന്റെ ചിത്രങ്ങൾവരെ കേരളത്തിലെ പിള്ളേർ കുത്തിപ്പൊക്കി. അതിന്റെ ചുവടുപിടിച്ചു താരങ്ങളുടെ പഴയ ചിത്രങ്ങളൊക്കെവച്ചുള്ള ട്രോളുകളുടെ പെരുമഴയും. സംഭവം ഹിറ്റായതോടെ ഫെയ്സ്ബുക്കിൽ പിന്നെ കുത്തിപ്പൊക്കലിന്റെ പ്രളയമായിരുന്നു. സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി ആഘോഷിക്കുകയാണ് ഇപ്പോൾ. 

ദിവസങ്ങളായി ഇതു തുടരുന്നതോടെ കുത്തിപ്പൊക്കൽ വെറുപ്പിക്കലാകുന്നുവെന്നു പറഞ്ഞ് ഫെയ്സ്ബുക്കിൽത്തന്നെ ഒരുപക്ഷവുമെത്തിയിട്ടുണ്ട്. പക്ഷേ, ആരോട് പറയാൻ, ആരു കേൾക്കാൻ. ഇത് # കുത്തിപ്പൊക്കൽ കാലമല്ലേ...