യെന്തിനാ ആള്വോള് മെസീനെ ട്രോളുന്നത്...

ഫുട്ബോൾ ലോകകപ്പ് തുടങ്ങിയശേഷം ശേഷം മലബാർ ക്രിസ്ത്യൻ കോളജിന്റ കവാടം കടന്നാൽ മുഴങ്ങിക്കേൾക്കുന്നത് വാഗ്വാദങ്ങളാണ്. എങ്ങും ചൂടു പിടിച്ച ചർച്ചകൾ. ആവേശം മൂത്ത് കയ്യാങ്കളിയിൽ ഗോളടിക്കുന്ന അവസ്ഥയിലാണ് പലരും. ബ്രസീലും അർജന്റീനയും പോർച്ചുഗലും ഫ്രാൻസും മുതൽ‍ പെറുവിനും ഉറുഗ്വേയ്ക്കും വരെയുണ്ട് ക്യാംപസിൽ ഫാൻസുകാർ. പച്ചയും മഞ്ഞയും നീലയും കറുപ്പും വെള്ളയും ചുവപ്പും പതാകകൾ പാറിക്കളിക്കുകയാണ് ക്യാംപസിൽ. മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർഥികൾ മലയാള മനോരമ യുവയ്ക്കുവേണ്ടി നടത്തിയ ‘കളിക്കളം’ ലോകകപ്പ് ചർച്ചയിലും ആവേശം അണപൊട്ടി.

 ‘അഞ്ചു തവണ ലോകകപ്പ് നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ടേൽ ഈ തവണയാണോ പാട്?’ ബ്രസീൽ ടീം ആരാധകൻ എസ്. അഭിഷേകിന്റെ വക വാദത്തിന്റെ ഫസ്റ്റ് ടച്ച്. 2006ലെ ലോകകപ്പ് ടീമിനെയായിരുന്നു കൂടുതൽ ഇഷ്ടം. എന്നാൽ പൊടിക്കുപോലും വിട്ടുകൊടുക്കാൻ ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന ആരാധകർ തയാറല്ലായിരുന്നു. 

മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർഥികൾ ഫുട്ബോൾ ചർച്ചയിൽ

‘ഇപ്പോഴത്തെ പോർച്ചുഗൽ ടീം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റ വ്യക്‌തിയിൽ കേന്ദ്രീകൃതമല്ലേ ?’ ഫ്രാൻസ് ടീമിന്റെ സ്വന്തം കാവ്യ ജോർജിന്റെ കിക്ക് പോർച്ചുഗൽ പോസ്റ്റിലേക്ക്. പോർച്ചുഗൽ ഫാൻ നിവേദ മനോജിന്റെ മറുപടി ഉടനെത്തി: ‘റൊണാൾഡോ സ്വന്തം ടീമിനെ നയിക്കാൻ പറ്റുന്ന ആളാണ്. 

ഒറ്റയ്‌ക്ക് നിന്ന് ടീമിനെ വിജയിപ്പിക്കാനുള്ള കഴിവും ഉണ്ട്’. അപ്പോഴാണ് യു.ബി. പ്രിയംവദയുടെ മറു ചോദ്യം: ‘ഇനി നിങ്ങളുടെ കഷ്‌ടകാലത്തിന് റോണാൾഡോയ്‌ക്ക് വല്ല പരിക്കും പറ്റിയാലോ?’

ചോദ്യം താഴ്ന്നിറയപ്പോൾ തന്നെ പോർച്ചുഗൽ ടീം ഒന്നാകെ ഇളകി. വാക്കേറ്റങ്ങളുടെ ശബ്‌ദകോലാഹലങ്ങൾക്കിടയിൽ കെ.പി. ഷബിൻ പാഷയുടെ ശബ്‌ദം ഉയർന്നു: ‘നെയ്‌മറെപ്പോലെ കാലിനൊരു ചെറിയ മുറിവു പറ്റിയാൽ എനിക്ക് വയ്യേന്നു പറഞ്ഞ് കളി നിർത്തി പോകുന്നയാളല്ല റൊണാൾഡോ. കളിയിൽ അത്രയ്ക്ക് അർപ്പണബോധമുള്ള വ്യക്‌തിയാണ്. റൊണാൾഡോയുടെ പിന്നാലെ ഓടിയാൽ നെയ്‌മറും മെസിയും എവിടെയും എത്തില്ല’.  

 പിന്നീട് കളിക്കളത്തിൽ നെയ്മറിനും റൊണാൾഡോയ്ക്കും വേണ്ടിയായി വാഗ്വാദം. ചെറിയ പരുക്ക് വന്നിട്ടല്ല നെയ്‌മർ കളിയിൽ നിന്നും വിട്ടുനിന്നത് എന്ന വാദവുമായാണ് ബ്രസീൽ പക്ഷക്കാർ പ്രതിരോധം തീർത്തത്. 

അപ്പോഴാണ് യദുൻ സദാനന്ദൻ അന്തരീക്ഷം ശാന്തമാക്കിയത്: ‘ഏറ്റവും കൂടുതൽ പേർ ആരാധിക്കുന്ന വ്യക്‌തി മെസിയാണ്. എന്നാൽ കരുത്തുകൊണ്ട് റൊണാൾഡോയും ഒരേ പ്രാധാന്യം അർഹിക്കുന്നു. മെസ്സിക്ക് കളിയുടെ നിർണായക മുഹൂർത്തങ്ങളിൽ ടെൻഷൻ കൂടാറുണ്ട്’.

എടങ്കോലുമായി എസ്. ആതിരയുടെ ചോദ്യം: ‘എന്തിനാ ആളുകൾ മെസിയെ ഇങ്ങനെ ട്രോളുന്നത്?’ ‘അസൂയയും കുശുമ്പും തന്നെ. ട്രോളുകൊണ്ട് തളരുന്നവനല്ല ലയണൽ മെസി.’ പി.ഫാബിയാനയ്ക്ക് ഉറച്ച മറുപടിയുണ്ട്.

‘ഇത്തവണ ഫ്രാൻസും ബ്രസീലും നേർക്കു നേർ വന്നാൽ ആരു ജയിക്കും?’ വി.കെ.ശരണ്യ സന്ദേഹിച്ചു. ‘ഇരു ടീമിനും തുല്യ സാധ്യതയാണ് ഇത്തവണ. നെയ്‌മർ ഉണ്ടെങ്കിൽ ടീമിന്റെ ആത്മവിശ്വാസം വർധിക്കും’ കടുത്ത ബ്രസീൽ ആരാധകൻ പി. അനിരുദ്ധിന്റെ ഉത്തരം.

 ബ്രസീൽ ടീം നെയ്‌മറെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു ടീമാണെന്ന് കൂട്ട അഭിപ്രായമുയർന്നു. പക്ഷേ ഈ വാദത്തെ കെ.പി.ഷബിൻപാഷ വിദഗ്ധമായി ഡ്രിബിൾ ചെയ്തെടുത്തു: ‘നെയ്‌മർ മാത്രമല്ല. കുടീഞ്ഞ്യോയും മികച്ച കളിക്കാരനാണ്. 

നെയ്‌മർ ബോൾ കിട്ടിയാൽ സ്വന്തം നിലയ്ക്ക് ഗോളടിക്കാനേ ശ്രമിക്കാറുള്ളു. മറ്റു ടീമംഗങ്ങൾക്ക് വിട്ടു കൊടുക്കാൻ തയാറാകില്ല’

ചർച്ചയുടെ അന്തരീക്ഷം ചൂടു പിടിക്കുകയാണ്. ചുറ്റും നിർത്താതെ പെയ്യുന്ന മഴയൊന്നും ആവേശത്തെ തണുപ്പിക്കുന്നില്ല. നീലനിറത്തോടുള്ള പ്രിയം കാരണം അർജന്റീനയെ  ഇഷ്‌ടപ്പെടുന്ന പെൺകുട്ടികളും ചർച്ച കേട്ടുനിൽപ്പാണ്..

തയാറാക്കിയത് 

സി. ജിതിഷ ,കെ. വി. അപർണ