അവധികളിൽ പ്രഫഷനൽ കോളജുകളെ ഒഴിവാക്കുന്നത് എന്തുകൊണ്ട്?

കലക്ടർമാരെ ഫോണിൽ നേരിട്ടുവിളിച്ച് അവധിചോദിക്കുന്ന വിദ്യാർഥികളുടെ മഴക്കാലമാണിത്. നാളെ സ്കൂൾ ഉണ്ടോയെന്നറിയാനുള്ള ഫോൺ വിളികളോട്, സ്കൂൾ അവിടെത്തന്നെയുണ്ടല്ലോ, സ്കൂൾ എവിടെപ്പോകാനാ...എന്ന് കലക്ടറേറ്റിലുള്ളവർ മറുപടി പറയുന്നു; പണി വാങ്ങിക്കുന്നു. ഫോണിൽ വിളിക്കാൻ മടിയുള്ളവർ അവധി ചോദിച്ച് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കൂട്ടമായെത്തുന്നു. അവധിയില്ലായ്മ മൂലം നിരാശരായ പ്രഫഷനൽ കോളജ് വിദ്യാർഥികൾ വിപ്ലവസിംഹമേ എന്നൊക്കെ വിളിച്ചു കലക്ടറെ സോപ്പിടുന്നു. ട്രോളുകളാൽ പേജ് നിറയ്ക്കുന്നു. 

എഫ്ബിയിൽ കലക്ടറുടെ കാലുപിടിക്കുന്നതിന്റെ സാംപിൾ ഇങ്ങനെ: ബഹുമാനപ്പെട്ട കലക്ടർ സാർ, ഇവിടെ റോഡ് ഫുള്ളും വെള്ളമാണ്, എങ്ങാനും ‍ഞാനിതിലെ നടക്കുമ്പോൾ പാമ്പ് കടിച്ചു വിഷംകേറി ഹോസ്പിറ്റലിൽ കൊണ്ടുപോയി ആന്റിവെനം എടുത്ത് ഭേദമാകുമ്പോൾ പാമ്പുകടിച്ച സ്ഥലത്ത് റോഡിലെ വെള്ളംകേറി അതു പിന്നേം പഴുത്ത് വ്രണമായി തലച്ചോറിൽ വരെ പടർന്നുപിടിച്ച് പത്തുവർഷം ഞാൻ കോമയിൽ കിടന്നാൽ അത്രേം ദിവസത്തെ ക്ലാസ് മിസ്സാകും. അതുകൊണ്ട് ഒരവധി...പ്ലീസ്! ഇങ്ങനെ സെന്റിയടിച്ചിട്ടും വീഴാത്ത കലക്ടർമാരെ മോട്ടിവേറ്റ് ചെയ്യാനുള്ള സൈക്കോളജിക്കൽ മൂവ് നടത്തുന്നവരെയും എഫ്ബിയിൽ കാണാം. ഏതാണ്ട് ഈ ഒരു ലൈനിലാണ് അവരുടെ നീക്കം; പ്രിയപ്പെട്ട കലക്ടർ സാർ, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല, എല്ലാ ദിവസത്തെയും പോലെ നാളെയും അങ്ങ് കടന്നുപോകും. പക്ഷേ, അങ്ങ് കൊടുക്കുന്ന അവധി, അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കലക്ടർമാർക്ക് ഒരു യെസ് പറയാൻ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.! (ടെം ടെ ടേം. ബിജിഎം). 

പക്ഷേ, എത്ര കാലുപിടിച്ചാലും സോപ്പിട്ടാലും പെരുമഴയത്തും ക്ലാസിൽ പോകാനാണു പ്രഫഷനൽ കോളജുകാരുടെ യോഗം. ഹർത്താലിൽനിന്നു പാർട്ടിക്കാർ പാലിനെയും പത്രത്തിനെയും ഒഴിവാക്കുന്നതുപോലെയല്ലേ, കലക്ടർമാർ മിക്ക അവധി പ്രഖ്യാപനങ്ങളിലും പ്രഫഷനൽ കോളജ് വിദ്യാർഥികളെ തഴയുന്നത്! എന്നുവച്ച്, കലക്ടർമാരെ അങ്ങനെയങ്ങ് കുറ്റം പറയാനും പറ്റില്ല. സെമസ്റ്റർ പരീക്ഷകൾ, പ്രാക്ടിക്കലുകൾ, റെക്കോർഡ് ബുക്കുകൾ ഇതൊന്നും പോരാഞ്ഞിട്ട് നൂറുകൂട്ടം അസൈൻമെന്റുകളും സെമിനാറുകളുമെല്ലാം എപ്പോഴും തലയിൽക്കേറ്റി നടക്കുന്നവരാണല്ലോ പ്രഫഷനൽ കോളജുകാർ. ഒരു ക്ലാസ് നഷ്ടമായാൽ കോഴ്സ്തന്നെ താളംതെറ്റുന്ന സിലബസ് ഭാരമുള്ളവരാണെന്നാണു വയ്പ്. പ്രഫഷനൽ കോളജുകാരെ അവധിയിൽനിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. 

പൊതുവെ, സുരക്ഷിതമായ കെട്ടിടങ്ങളിലാണ് പ്രഫഷനൽ കോളജുകളുടെ പ്രവർത്തനമെന്നതിനാൽ മഴക്കാലത്ത് അപകടമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഹോസ്റ്റൽ സൗകര്യമുള്ള സ്ഥാപനങ്ങളാണധികവും. ഇവർക്കു ഗതാഗതതടസ്സം കൂടാതെ സമയത്തു ക്ലാസുകളിലെത്താമെന്നതും കണക്കിലെടുക്കും. ഹോസ്റ്റലുകൾ ഇല്ലാത്ത അപൂർവം പ്രഫഷനൽ കോളജുകൾക്കാണെങ്കിൽ സ്വന്തമായി വാഹനസൗകര്യവുമുണ്ട്. മഴക്കാലത്ത് ഓട്ടോ പിടിച്ചും ബസിനു കാത്തുനിന്നും കഷ്ടപ്പെട്ടു ക്ലാസിലെത്തേണ്ടിവരില്ല. ഈ കാരണങ്ങളെല്ലാം പരിഗണിച്ചാണ് മഴക്കാല അവധിയിൽനിന്നു പ്രഫഷനൽ കോളജുകളെ ഒഴിവാക്കണോ എന്നു തീരുമാനിക്കുക. 

എന്നാൽ, നിർത്താതെ കട്ടയ്ക്കു മഴ പെയ്യുകയാണെങ്കിൽ പിന്നെ രക്ഷയില്ല. വിപ്ലവസിംഹങ്ങളായ കലക്ടർമാർ മുൻപിൻ നോക്കാതെ പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചു കളയും; ഈയിടെയായി ചെയ്യുന്നതുപോലെ.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam