'വിഡിയോ കണ്ട് ഉമ്മ പൊട്ടിക്കരഞ്ഞു'; സഫറിന്റെ ലൈവിലെ ലൈഫ്!

‘അന്തസ്സുള്ള’ ജോലി കിട്ടാത്തതിന്റെ പേരിൽ വെറുതെ കറങ്ങിയടിച്ചു നടന്ന്, നിത്യവേതനക്കാരായ കൂട്ടുകാരെ കളിയാക്കാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ സഫർ ഷാ എന്ന യുവാവിന്റെ വൈറൽ വിഡിയോ കാണണം. ഉപദേശമല്ല, അനുഭവം മാത്രമാണു സഫർ പങ്കുവച്ചത്. 

അച്ഛനമ്മമാർ നടന്ന വഴിയിലൂടെ ഒരു ദിവസമെങ്കിലും നിങ്ങളും നടക്കണം. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാകും അത്. ഇരുപതുകാരനായ സഫർ എന്ന നിയാസ് കുഞ്ഞുമോൻ വിഡിയോയിൽ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. മീൻ വിൽക്കുന്ന പിതാവിനു പിന്തുണയുമായി അതേ തൊഴിലിനിറങ്ങിയ നിയാസിനു നേരിടേണ്ടി വന്ന കളിയാക്കലുകളാണു വിഡിയോ പോസ്റ്റ് ചെയ്യാൻ പ്രേരണയായത്. സംഗതി കയ്യടികളോടെ സമൂഹമാധ്യമലോകം ഏറ്റെടുത്തു. കൂട്ടുകാർ വിളിക്കുന്ന സഫർ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിലാണു നിയാസിന്റെ വൈറൽ വിഡിയോ വന്നത്.

വണ്ടാനം വൃക്ഷവിലാസം തോപ്പിൽ യു.കുഞ്ഞുമോന്റെയും നൂർജഹാന്റെയും മകനായ നിയാസ് അറവുകാട് ഗവ. എച്ച്എസ്എസിൽ നിന്നു പ്ലസ് ടുവും പിന്നീട് കംപ്യൂട്ടർ ഹാർഡ് വെയർ കോഴ്സും കഴിഞ്ഞിട്ടാണു മീൻകച്ചവടത്തിനിറങ്ങിയത്. വിഡിയോയിൽ നിയാസ് അതിന്റെ കാരണം പറയുന്നുണ്ട്. ‘ഓർമവച്ചകാലം മുതൽ വാപ്പയ്ക്കു മീൻ കച്ചവടമാണ്. ആ പണം കൊണ്ടാണു ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാൻ വാപ്പയ്ക്കു നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കൾ കഷ്ടപ്പെട്ടിട്ടുള്ളത്. എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കൾ ചെയ്തിരുന്ന തൊഴിൽ ചെയ്തുനോക്കണം’. 

അഭിമാനം വീട്ടുകാർക്കും

‘എന്തു ജോലിയായാലും നാണക്കേട് തോന്നേണ്ട കാര്യമില്ല. മാന്യമായതെന്തും ചെയ്തു ജീവിക്കാം’. ഇതുതന്നെയാണു കുടുംബത്തിന്റെയും അഭിപ്രായം. 

കുഞ്ഞുമോൻ ഇപ്പോൾ ചമ്പക്കുളം തട്ടിലാണു കച്ചവടം നടത്തുന്നത്. നിയാസ് ബൈക്കിൽ കറങ്ങി മീൻ വിൽക്കും. നിയാസിന്റെ സഹോദരൻ നിജാസ് കടയിൽ ജോലി ചെയ്യുന്നു. അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് നിയാസ് പറയുന്ന വിഡിയോ മുഴുവൻ കണ്ടുതീർക്കാൻ ഉമ്മയ്ക്കായില്ല. അതിനു മുൻപേ പൊട്ടിക്കരഞ്ഞു. 

‘വിഡിയോ വാപ്പ കണ്ടെന്നറിയാം. അതിനെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല. പക്ഷേ, വലിയ സന്തോഷമായെന്ന് എനിക്കു മനസ്സിലായി.’