120 പേരുടെ ജീവനെടുത്തത് ചൈനീസ് നിർമിത വിമാനം, മിക്കതും പഴഞ്ചൻ!

മ്യാന്മറിൽ സൈനികരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 120 പേരുമായി സഞ്ചരിച്ച സൈനിക വിമാനം കടലിൽ വീണു തകർന്നു. ചൈനീസ് നിർമിത വിമാനമാണ് തകർന്നു വീണത്. ചരക്കുകടത്തിനായി സൈന്യം ഉപയോഗിക്കുന്ന വൈ–8 എഫ്–200 മോഡൽ വിമാനം കഴിഞ്ഞ മാർച്ചിലാണ് മ്യാൻമാറിലെത്തുന്നത്. എന്നാൽ ഈ വിമാനം എന്നാണ് നിർമിച്ചത് എന്നത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

മ്യാൻമാറിനു പുറമെ പാക്കിസ്ഥാൻ, സുഡാൻ, താൻസാനിയ, വെനിസ്വല രാജ്യങ്ങളാണ് നിലവിൽ ഈ വിമാനം ഉപയോഗിക്കുന്നത്. ശ്രീലങ്കയും ഇതേ വിമാനം ഉപയോഗിച്ചിരുന്നു. എന്നാൽ വാങ്ങിയ മൂന്നു വിമാനങ്ങളും തകർന്നതോടെ വിമാനം ഉപേക്ഷിക്കുകയായിരുന്നു.

1974 ലാണ് വൈ–8 എഫ്–200 മോഡൽ വിമാനം ആദ്യമായി പുറത്തിറക്കുന്നത്. സോവിയറ്റ് യൂണിയനിൽ നിന്ന് സ്വന്തമാക്കിയ സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് വൈ–8 എഫ്–200 മോഡൽ വിമാനം ചൈന വികസിപ്പിച്ചെടുത്തത്. എന്നാൽ പഴക്കം ചെന്ന വിമാനങ്ങളാണ് ചൈന മറ്റു രാജ്യങ്ങൾക്ക് കൈമാറിയിരുന്നതെന്നും ആരോപണമുണ്ട്.

5486 മീറ്റർ ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനവുമായി ബന്ധമറ്റത്. ഇതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന ചൈനീസ് വിമാനങ്ങളിലേറെയും പഴഞ്ചനാണെന്ന് മ്യാന്മർ മുൻ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തി. സൈനികഭരണ കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങൾ മ്യാന്മറിന് ഉപരോധമേർപ്പെടുത്തിയിരുന്നു. ഈ കാലത്താണ്  ചൈനയിൽ നിന്ന് മ്യാൻമാർ വിമാനങ്ങൾ വാങ്ങികൂട്ടിയത്.