‘സർ, ഇത് റോക്കറ്റാണ്, പൊട്ടിത്തെറിക്കും, സിഗരറ്റ് വലിക്കരുത്’ പക്ഷേ, കിമ്മിനോട് ആര് പറയും?

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു തൊട്ടു മുൻപ്, റോക്കറ്റിന്റെ തൊട്ടടുത്ത് നിന്ന് സിഗരറ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അത്യന്തം അപകടകരമായ റോക്കറ്റ് ഇന്ധനത്തിനടുത്തു നിന്നും കിം ജോങ് ഉന്‍ സിഗരറ്റ് വലിക്കുന്നത് ഞെട്ടലോടെയാണ് ലോകം കണ്ടത്. അപകടമാണെന്ന് അറിയുമെങ്കിലും കിം ജോങ് ഉന്നിനോട് സിഗരറ്റ് വലിക്കരുതെന്ന് പറയാന്‍ ഉത്തരകൊറിയയില്‍ ആര്‍ക്കാണ് ധൈര്യമെന്നതാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം.

ജൂലൈ നാലിനാണ് ഉത്തരകൊറിയ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തിനു തൊട്ട് മുൻപുള്ള ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്. ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിനുള്ള ഹ്വാസോങ് 14 എന്ന മിസൈലാണ് പരീക്ഷിച്ചത്. നിയന്ത്രിതമായ സാഹചര്യങ്ങളില്‍ പോലും അതീവ അപകടകരമാണ് റോക്കറ്റ് ദ്രവ ഇന്ധനം. റോക്കറ്റിന്റെ വളരെ അടുത്തു നിന്നാണ് കിം ജോങ് ഉന്‍ സിഗരറ്റ് വലിക്കുന്നത്.

തങ്ങളുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തരകൊറിയ അറിയിച്ചിരുന്നു. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് അമേരിക്കയിലെ അലാസ്‌ക വരെയെത്താന്‍ ശേഷിയുള്ള ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്നാണ് ഉത്തരകൊറിയന്‍ അവകാശവാദം. മിസൈല്‍ പരീക്ഷണത്തിനു മേല്‍നോട്ടം വഹിച്ചത് കിം ജോങ് ഉന്നാണെന്നും ഉത്തരകൊറിയന്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്കയ്ക്ക് ഭീഷണിയാകാന്‍ തക്ക ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയക്കാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. അമേരിക്കയിലെത്തുന്ന ആണവ മിസൈല്‍ നിര്‍മിക്കുകയെന്നത് ഉത്തരകൊറിയയുടെ വര്‍ഷങ്ങളായുള്ള പ്രഖ്യാപിത ലക്ഷ്യമാണ്. ഒരിക്കലും എത്തില്ലെന്ന് അമേരിക്ക കരുതിയിരുന്ന ഈ ലക്ഷ്യത്തിലെത്തിയെന്നതാണ് ഉത്തരകൊറിയന്‍ അവകാശവാദം.

ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിന് പിറ്റേന്ന് തന്നെ മറുപടിയുമായി ദക്ഷിണ കൊറിയയും അമേരിക്കയും എത്തിയിരുന്നു. സംയുക്ത സൈനികാഭ്യാസമാണ് ഇരു രാജ്യങ്ങളും നടത്തിയത്. ജൂലൈ എട്ടിന് ഇരു രാജ്യങ്ങളും മറ്റൊരു വ്യോമാഭ്യാസം കൂടി നടത്തി. ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കുന്നതായിരുന്നു ഈ സൈനികാഭ്യാസത്തിലുണ്ടായിരുന്നത്. ഇതില്‍ നിന്നു തന്നെ അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തരകൊറിയക്ക് നല്‍കുന്ന സന്ദേശം വ്യക്തം.

More Defence News