അമേരിക്കയുടെ താഡ് മിസൈൽ ഗുവാമിലെ ഒന്നര ലക്ഷം ജനങ്ങളെ രക്ഷിക്കും, ഇല്ലെങ്കിൽ വൻ ദുരന്തം!

ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീതുകൾ തള്ളിക്കളഞ്ഞ് ‘ഗുവാം ആക്രമണപദ്ധതി’യുമായി ഉത്തര കൊറിയ മുന്നോട്ട് പോകുകയാണ്. ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ വരെ ഉത്തര കൊറിയ പുറത്തുവിട്ടു കഴിഞ്ഞു. എന്നാൽ കിം ജോങ് ഉന്നിന്റെ മിസൈലിൽ നിന്ന് ഗുവാമിലെ ഒന്നര ലക്ഷം വരുന്ന ജനങ്ങളെ രക്ഷിക്കാൻ അമേരിക്കയുടെ പ്രതിരോധ മിസൈലുകൾക്ക് സാധിക്കുമോ?

ഉത്തര കൊറിയയുടെ അണ്വായുധ മിസൈൽ ഭീഷണിയെ നേരിടാൻ ദക്ഷിണ കൊറിയയിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും അമേരിക്കയുടെ ‘താഡ്’ (Terminal High Altitude Area Defence (THAAD) കവചം സ്ഥാപിച്ചിട്ടുണ്ട്. വൻ നശീകരണത്തിനുള്ള ആയുധങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടേയിരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൽ നിന്നു ദക്ഷിണ കൊറിയ, ജപ്പാൻ, ഗുവാം പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാണു മിസൈൽവേധ സംവിധാനം നിലകൊള്ളുന്നത്. 

അതേസമയം, ദക്ഷിണകൊറിയയിൽ ഈ സംവിധാനം സജ്ജീകരിച്ചതോടെ ഉത്തരകൊറിയയുടെ അണ്വായുധ ഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ കഴിയുമെന്നും അമേരിക്കൻ ടെക്ക് വിദഗ്ധർ അവകാശപ്പെടുന്നു. കിം ജോങ് ഉന്നിന്റെ മിസൈൽ നീക്കങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണ് താഡ്. 

നാലാം ആണവപരീക്ഷണത്തിനു പിന്നാലെ കിം ദീർഘദൂര മിസൈൽ വിക്ഷേപിച്ചപ്പോൾ തുടങ്ങിയ ദക്ഷിണ കൊറിയ – യുഎസ് ചർച്ചകൾ യാഥാർഥ്യമായത് മാസങ്ങൾക്ക് മുൻപാണ്. എന്നാൽ ദക്ഷിണകൊറിയയിലെ താഡ് സംവിധാനം പൂർണ സജ്ജമാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഉത്തര കൊറിയൻ മിസൈലുകളെ റഡാറിന്റെ സഹായത്തോടെ പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ റഡാറിൽ കണ്ടെത്തുന്ന മിസൈലുകൾ എങ്ങനെ തകർക്കുമെന്നത് മറ്റൊരു ചോദ്യചിഹ്നമാണ്. ഗുവാമിലും ജപ്പാനിലും പ്രതിരോധ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം സമയത്തിനു പ്രവർത്തിച്ചില്ലെങ്കിൽ സംഭവിക്കുന്നത് വൻ ദുരന്തമായിരിക്കും.

ഒരേസമയം നാലു മിസൈലുകൾ പ്രയോഗിക്കുമെന്നാണ് ഉത്തരകൊറിയൻ ഭീഷണി. ഈ നാലു മിസൈലുകളെയും ഒരേസമയം കണ്ടെത്തി തകർക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ കൂടുതൽ മിസൈലുകൾ തകർക്കാനുള്ള താഡിന്റെ ശേഷി പരീക്ഷിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. കിം ജോങ് ഉന്നിന്റെ ബാലിസ്റ്റിക് മിസൈലുകളുടെ പ്രവർത്തന ടെക്നോളജി പോലും പുറംലോകത്തിനു കാര്യമായി അറിയില്ല.

നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 30–40 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു കൊറിയൻ പദ്ധതി. ഹ്വാസോങ് 12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുടെ മുകളിലൂടെയുമാണ്.

എന്നാൽ താഡ് അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം. ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാറാണ്.