പാക്കിസ്ഥാനിൽ അണുബോംബ് സൂക്ഷിക്കാന്‍ ‘രഹസ്യ’ ബങ്കര്‍, വൻ സന്നാഹം, ചിത്രങ്ങൾ പുറത്ത്

ബലൂചിസ്ഥാന്‍ മേഖലയില്‍ ബോംബുകൾ ഉൾപ്പടെ ഉഗ്രശേഷിയുള്ള അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭൂഗര്‍ഭ ബങ്കറൊരുക്കുന്നു. അമേരിക്കന്‍ എന്‍ജിഒയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച ശേഷമാണ് ഇവര്‍ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. 

മലനിരകളാല്‍ ചുറ്റപ്പെട്ട ബലൂചിസ്ഥാനിലെ പ്രദേശത്താണ് പാക്കിസ്ഥാന്‍ രഹസ്യ ആയുധബങ്കര്‍ നിര്‍മിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളും അണ്വായുധങ്ങളും സൂക്ഷിക്കാനാണ് പാക് സൈന്യത്തിന്റെ പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ പാക് സൈന്യമോ സര്‍ക്കാരോ തയ്യാറായിട്ടില്ല.

നിലവില്‍ പാക്കിസ്ഥാന് ആണവാക്രമണം നടത്താനാവുക ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ചാണ്. പാക്കിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. എങ്കിലും ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന പ്രദേശമായതിനാല്‍ മിസൈലുകള്‍ സൂക്ഷിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഏറ്റവും അനുയോജ്യമാണ് ബലൂചിസ്ഥാനെന്ന് കരുതപ്പെടുന്നു. ഇതിനൊപ്പം ഇന്ത്യയുടേത് അടക്കമുള്ള രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും മാറിയുള്ള പ്രദേശമാണെന്നതും ബലൂചിസ്ഥാനെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാന ഘടകമായിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം ആയുധ ശേഖര ബങ്കറിന് മൂന്ന് വ്യത്യസ്ഥ വാതിലുകളാണുള്ളത്. എത്ര വലിയ സൈനിക വാഹനത്തേയും മിസൈലുകളേയും ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പം ഈ വാതിലുകള്‍ക്കുണ്ട്. 2012ല്‍ വളരെ കുറിച്ച് സൈനിക സാന്നിധ്യം മാത്രമാണ് മേഖലയിലുണ്ടായിരുന്നത്. ഒരു ചെറിയ സൈനിക ബങ്കറും വിമാന വേധ തോക്കുകള്‍ ഘടിപ്പിച്ച ഒരു നിരീക്ഷണ പോസ്റ്റും ഇവിടെയുണ്ടായിരുന്നു. 

2014 ആകുമ്പോഴേക്കും കഥ മാറുകയും വലിയ തോതില്‍ സൈനിക സാന്നിധ്യം ഈ മേഖലയില്‍ പ്രകടമാവുകയും ചെയ്തു. ചെക് പോസ്റ്റുകളും വിമാനമിറങ്ങാനുള്ള റണ്‍വേകളും വരെ സജ്ജീകരിച്ചതോടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രദേശം നിരീക്ഷിക്കണമെന്ന അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിക്ക് മുന്നില്‍ വെക്കുന്നത്. തുടര്‍ന്ന് ഈ അമേരിക്കന്‍ എന്‍ജിഒ നടത്തിയ നീരീക്ഷണങ്ങളിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം നിര്‍ണ്ണായകമായ നീക്കം നടത്തിയ മാധ്യമപ്രവര്‍ത്തകന്റെ വിവരങ്ങള്‍ സംഘടന പുറത്തുവിട്ടിട്ടില്ല.