സിറിയയിൽ നിന്ന് ബോംബുമായി ഇറാന്റെ ആളില്ലാ വിമാനം, തകർത്തെന്ന് ഇസ്രായേൽ

ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ ഇറാനിന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. ബോംബുകളുമായി പറന്നെത്തിയ ഡ്രോൺ റഡാറിൽ കണ്ടെത്തി വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയത് കഴിഞ്ഞ ദിവസമാണ്.

സിറിയൻ വ്യോമ കേന്ദ്രത്തിൽ നിന്നാണ് ഡ്രോൺ ടേക്ക് ഓഫ് ചെയ്തിരിക്കുന്നത്. ഇസ്രേയേൽ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനാണ് ബോംബുകൾ ഘടിപ്പിച്ച ഡ്രോൺ അയച്ചതെന്നും കരുതുന്നു. ഫെബ്രുവരി പത്തിനാണ് ഡ്രോൺ തകർത്തത്. അതിര്‍ത്തി കടക്കും മുന്‍പെ തകർത്തുവെന്നാണ് ഇസ്രയേല്‍ പ്രതിരോധ വിഭാഗം മാധ്യമങ്ങളെ അറിയിച്ചത്. ഇസ്രയേലി ഡിഫൻസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഡ്രോൺ കണ്ടുപിടിച്ചത്.

മരുഭൂമിയിലെ രഹസ്യകേന്ദ്രത്തില്‍ അതിവേഗ ആളില്ലാവിമാനങ്ങള്‍ വിന്യസിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ വർഷം ഇറാന്‍ പുറത്തുവിട്ടിരുന്നു. ശത്രുക്കളെ പ്രകോപിപ്പിച്ച് ഒട്ടേറെ സൈനിക ആളില്ലാ ചെറുവിമാനങ്ങൾ അടുത്തിടെ ഇറാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് സമീപം ഇറാന്‍ ഡ്രോണ്‍ പറന്നതും വലിയ വാർത്തയായിരുന്നു.