പാക് അതിർത്തിയിൽ വ്യോമസേനയുടെ 5,000 പ്രത്യാക്രമണങ്ങള്‍, ഇനി ചൈനീസ് അതിർത്തി

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി വൻ പദ്ധതികളും സൈനികാഭ്യാസങ്ങളുമാണ് ഇന്ത്യൻ വ്യോമസേന നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പാക് അതിർത്തിയുടെ സമീപ പ്രദേശങ്ങളിൽ വ്യോമസേന ശക്തിപ്രകടനം നടത്തുന്നുണ്ട്. 72 മണിക്കൂർ അഭ്യാസപ്രകടനങ്ങളാണ് വ്യോമസേന കാഴ്ചവെച്ചത്. മൂന്നു ദിവസമായി നടന്ന വ്യോമാഭ്യാസത്തിൽ ഏകദേശം 5,000 പ്രത്യാക്രമണങ്ങളാണ് പരീക്ഷിച്ചത്.

1,150 സൈനികർ, നിരവധി പോര്‍വിമാനങ്ങൾ, ഹെലികോപ്റ്ററുകള്‍, ഡ്രോണുകൾ, ആയുധങ്ങൾ, മിസൈലുകൾ, റഡാറുകൾ, പുതിയ ടെക്നോളജി എല്ലാം പരീക്ഷിച്ചു. വ്യോമസേനയ്ക്കൊപ്പം നാവികസേനയും കരസേനയും പങ്കെടുത്തു. വായു, കടൽ, കര കേന്ദ്രീകരിച്ചുള്ള സൈനികാഭ്യാസങ്ങളും നടന്നു.

ഗഗന്‍ശക്തി 2018 എന്ന പേരിലുള്ള സൈനികാഭ്യാസം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. വ്യോമസേനയുടെ മുഴുവൻ ആയുധങ്ങളും സൈനികരും ഗഗന്‍ശക്തി 2018ൽ പങ്കെടുക്കുന്നുണ്ട്. കര, നാവിക സേനകൾ വ്യോമസേനയോടൊപ്പം ചേർന്ന് അഭ്യാസപ്രകടനം നടത്തുന്നുണ്ട്. ഏപ്രില്‍ എട്ട് മുതൽ‍ 22 വരെയാണ് 14 ദിവസം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസം. ഇന്ത്യയുടെ ഗഗന്‍ശക്തി 2018 സൈനികാഭ്യാസത്തെ കുറിച്ച് നേരത്തെ തന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ധാരണ പ്രകാരം സൈനികാഭ്യാസങ്ങൾ നേരത്തെ അറിയിക്കണം.

അനേകം വർഷങ്ങൾക്ക് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യമാണ് ഗഗന്‍ശക്തി 2018. രാത്രിയും പകലും നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിൽ യുദ്ധസമാന സാഹചര്യങ്ങളെ നേരിടാനും പരിശീലിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ പടിഞ്ഞാറൻ അതിര്‍ത്തിയിലെ സൈനികാഭ്യാസം കഴിഞ്ഞതോടെ ചൈനയുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് നീങ്ങുകയാണ് വ്യോമസേന. ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസ്, നാവികസേനയുടെ മിഗ് 29 പോർവിമാനങ്ങൾ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.