ഇറാൻ പുറത്തെടുത്ത ക്രൂസ് മിസൈൽ നിഗൂഢമെന്ന് വിദഗ്ധർ, പരിധി 100 കി.മീറ്റർ

സൈനിക ദിനത്തോടനുബന്ധിച്ച് ഇറാൻ പ്രദര്‍ശിപ്പിച്ച ക്രൂസ് മിസൈലിനെ കുറിച്ചാണ് അമേരിക്കയും സഖ്യ കക്ഷികളും ഇപ്പോൾ ചർച്ച ചെയ്യുന്നത്. വായുവിൽ നിന്ന് തൊടുക്കാവുന്ന രൂപത്തിലുള്ള മിസൈലിന്റെ കൂടുതൽ വിവരങ്ങൾ ഇറാനും പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ മിസൈൽ രൂപഘടനയോടു സാമ്യമുളളതാണെന്നും നേരത്തെ ഇത്തരത്തിലുള്ള മിസൈൽ ഇറാനിന്റെ കൈവശം കണ്ടിട്ടില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.

ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ എയർഫോഴ്സിന്റെ കീഴിൽ അവതരിപ്പിച്ച മിസൈലിന്റെ പരിധി 100 കിലോമീറ്ററാണെന്നാണ് സിഎസ്ഐഎസ് മിസൈൽ പ്രൊജക്ട് അസോസിയേറ്റ് ഡയറക്ടർ ഇയാൻ വില്ല്യംസ് പറഞ്ഞത്. രാജ്യത്തിന്റെ പ്രതിരോധത്തിനാവശ്യമായ ആയുധങ്ങൾ നിർമിക്കുന്നതിന് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി നേരത്തെ പറഞ്ഞിരുന്നു.

ഏതെങ്കിലും ആയുധങ്ങൾ ഇറാനിന്റെ സുരക്ഷയ്ക്ക് ആവശ്യം വന്നാൽ നിർമിക്കുക തന്നെ ചെയ്യും. നിര്‍മിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റുവഴി തേടുമെന്നും റൂഹാനി വ്യക്തമാക്കി. ഇറാനിന്റെ സൈനിക പരേഡിനിടെ ആഭ്യന്തരമായി ഉത്പാദിപ്പിച്ച മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു. റഡാറുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ആളില്ലാ വിമാനങ്ങൾ തുടങ്ങി നിരവധി ആയുധങ്ങളാണ് പരേഡിൽ പ്രദർശിപ്പിച്ചത്.