Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെ ശ്വാസംമുട്ടിച്ചു കൊല്ലാ കൊല; ജിനയുടേത് രഹസ്യാത്മക ജീവിതം

Gina

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് മേധാവിയായി ജിന ഹാസ്പെൽ സ്ഥാനമേൽക്കുന്നത്. അമേരിക്കയുടെ ചാരസംഘടനയുടെ 70 വർഷത്തെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ മേധാവിയും ജിന തന്നെ. തായ്‌ലൻഡിലെ രഹസ്യ ജയിലിലെ നടത്തിപ്പുകാരിയായിരുന്ന ജിന ഇതിനകം തന്നെ കൊടുംവിമർശനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ്.

ഡോണൾഡ് ട്രംപിന്റെ പൂർണ പിന്തുണയോടെയാണു ജിന ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. സെനറ്റിൽ 45നെതിരെ 54 വോട്ടുകളുടെ പിന്തുണയാണു ജിനയ്ക്കു ലഭിച്ചത്. കുറ്റവാളികൾക്കു നേരെ മൂന്നാംമുറകളിലേക്കു തിരിച്ചുപോകില്ലെന്നു ജിന ഉറപ്പുതന്നതു കൊണ്ടാണു പിന്തുണച്ചതെന്നാണ് ഡമോക്രാറ്റിന്റെ വെർജീനിയ സെനറ്റർ മാർക് വാർനർ പറഞ്ഞത്.

അതേസമയം, ജിനയുടേത് എല്ലാം രഹസ്യമാണ്. സാധാരണ സിഐഎ മേധാവികളുടെ വിവരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റിൽ കൃത്യമായി നൽകാറുണ്ട്. മേധാവിയുടെ ജന്മദിനവും കുടുംബവിവരങ്ങളും ഔദ്യോഗിക ജീവിതവുമെല്ലാം വിശദമായി വിവരിക്കാറുണ്ട്. എന്നാൽ നിലവിലെ മേധാവി ജിന ഹാസ്പലിനെപ്പറ്റി അത്തരം വിവരങ്ങളൊന്നുമില്ല. വിക്കിപീഡിയയിൽ നോക്കിയാലും 1956ലോ 1957ലോ ആണു ജിന ജനിച്ചതെന്നാണു വിവരം. കുടുംബത്തെപ്പറ്റിയും കാര്യമായ വിവരമില്ല. അത്രമാത്രം രഹസ്യാത്മക ജീവിതം നയിക്കുന്ന ഒരാളാണു ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചാരസംഘടനയുടെ തലപ്പത്തേക്കു നിയോഗിക്കപ്പെട്ടിരിക്കുന്നത്.

റോണൾഡ് റീഗൻ പ്രസിഡന്റായിരിക്കെ 1985 ലാണു ജിന സിഐഎയിൽ ചേരുന്നത്. ഇത്യോപ്യയിലും തുർക്കിയിലും മധ്യേഷ്യയിലുമുൾപ്പെടെ ഇന്റലിജൻസ് ഓഫിസറായിട്ടായിരുന്നു തുടക്കം. ശീതയുദ്ധത്തിന്റെ ‌നിഴൽ ഒഴിയാതെ നിൽക്കുന്ന ലോകസാഹചര്യത്തിൽ രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിലും അവ വിശകലനം ചെയ്യുന്നതിലും വിദേശരാജ്യങ്ങളിലെ രഹസ്യ ഓപറേഷനുകളിലും വിവിധ രാജ്യങ്ങൾ തമ്മിലുള്ള ‘ഇന്റലിജൻസ്’ നയതന്ത്രത്തിലുമെല്ലാം ചുരുങ്ങിയ കാലം കൊണ്ടാണു ജിന ശ്രദ്ധേയ ഇടപെടലുകൾ നടത്തിയത്. ചാരസംഘടനയിലായിരിക്കെ ഏറിയ പങ്കും വിവിധയിടങ്ങളിലായുള്ള സിഐഎ സങ്കേതങ്ങളുടെ തലപ്പത്തായിരുന്നു ജിനയെ നിയോഗിച്ചിരുന്നത്. അത്തരത്തിൽ തായ്‌ലൻഡിൽ യുഎസിനുണ്ടായിരുന്ന ‘ദണ്ഡനകേന്ദ്ര’മാണ് അവരെ കുപ്രസിദ്ധയാക്കിയതും. 

ജോർജ് ബുഷ് പ്രസിഡന്റായിരിക്കെ ആയിരുന്നു അത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ അൽ ഖായിദയ്ക്കു വേണ്ടി അമേരിക്ക വല വിരിച്ച സമയം. 2002 ൽ പാക്കിസ്ഥാനിൽ നിന്ന് അൽ ഖായിദയുടെ മൂന്നാമത്തെ പ്രധാന നേതാവും ബിൻ ലാദന്റെ സഹായിയുമാണെന്നാരോപിച്ച് അബു സുബായ്ദ എന്ന സൗദി സ്വദേശിയെ സിഐഎ പിടികൂടി. തായ്‌ലൻഡിലെ സിഐഎയുടെ ‘ബ്ലാക് സൈറ്റി’ലേക്കാണ് ഇയാളെ മാറ്റിയത്. കൊടുംഭീകരരെ ആരും അറിയാതെ ചോദ്യം ചെയ്യാൻ വേണ്ടി തയാറാക്കുന്ന കേന്ദ്രങ്ങളെയാണ് ‘ബ്ലാക് സൈറ്റ്’ എന്നു വിളിക്കുന്നത്. തായ്‌ലൻഡിൽ യുഎസിന് ഇത്തരമൊരു കേന്ദ്രമുള്ളതായി ഔദ്യോഗിക രേഖകളിൽ പോലും വിവരമുണ്ടായിരുന്നില്ല; അത്രയേറെ രഹസ്യാത്മകം.

ഇവിടെ എത്തിച്ച അബുവിനെ യുഎസ് അന്വേഷക സംഘം കൊടുംപീഡനങ്ങൾക്കാണു വിധേയനാക്കിയത്. തലകീഴായി ഒരു സ്ട്രച്ചറിൽ കിടത്തി, മുഖത്തു തുണിയിട്ടു മൂടി, വായിലേക്കും മൂക്കിലേക്കും തുടർച്ചയായി വെള്ളമൊഴിക്കുന്ന ‘വാട്ടർബോർഡിങ്’ രീതിയായിരുന്നു യുഎസ് ക്യാംപുകളിലെ പ്രധാന പീഡനമുറകളിലൊന്ന്. ശ്വാസം കിട്ടാതെ പിടഞ്ഞ് ഏതൊരാളും കുറ്റം ഏറ്റു പറയുമെന്നതാണ് ഈ പീഡനത്തിന്റെ രീതി.

അബുവിനെ ഒരിക്കൽ ഒരൊറ്റ ദിവസം തന്നെ 83 തവണ ‘വാട്ടർബോഡിങ്ങിനു’ വിധേയനാക്കിയെന്നും തെളിഞ്ഞിട്ടുണ്ട്. ഒരിക്കൽ ജീവൻ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലെത്തി. മെഡിക്കൽ സംഘമെത്തിയാണു രക്ഷപ്പെടുത്തിയത്. നെഞ്ചു പൊട്ടിപ്പോകും വിധമുള്ള പീഡനമാണു തനിക്കു നേരെയുണ്ടായതെന്നും അബു പിന്നീടു വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിലാണു ജിന ആദ്യത്തെ ആരോപണം നേരിട്ടത്. ‌‘ക്യാറ്റ്സ് ഐ’ എന്നു പേരിട്ട ഈ ക്യാംപിൽ അബുവിന്റെ പീഡനത്തിനു നേതൃത്വം നൽകിയതു ജിനയാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതു പിന്നീടു തെറ്റാണെന്നു തെളിഞ്ഞിരുന്നു. 

2002 ഒക്ടോബറിലാണു ജിന തായ്‌ലൻഡിലെ പീഡന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. അതിനു മുന്നോടിയായിട്ടായിരുന്നു അബുവിനു നേരെയുണ്ടായ പീഡനം. എന്നാൽ അബുവിനെ പീഡിപ്പിച്ചില്ലെങ്കിലും പിന്നാലെ ക്യാംപിലെത്തിയ അബ്ദ് അൽ–റഹിം അൽ–നാഷിരി എന്ന അൽ ഖായിദ ഭീകരനു നേരെ സിഐഎ നടത്തിയ പീഡനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നൊഴിയാൻ ജിനയ്ക്കും സംഘത്തിനും സാധിച്ചിരുന്നില്ല. യുഎസിന്റെ യുദ്ധക്കപ്പലിനു നേരെ ബോംബാക്രമണം നടത്തിയതിനാണ് അബ്ദ് പിടിയിലായത്. മൂന്നു തവണ ജിനയുടെ നേതൃത്വത്തിൽ ഇയാൾക്കു നേരെ വാട്ടർബോർഡിങ് നടത്തിയെന്നാണു റിപ്പോർട്ട്. 

സിഐഎയുടെ ദണ്ഡനകേന്ദ്രങ്ങൾ പലതരത്തിലുള്ള പീഡനമുറകളുടെ പരീക്ഷണ കേന്ദ്രങ്ങളാണെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. ചില പീഡനങ്ങൾക്കു ജിന തന്നെ നേതൃത്വം നൽകിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഒരിക്കൽ വേദന കൊണ്ടു പുളയുന്ന അബുവിനെ സെല്ലിലെത്തി ജിന കളിയാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു (ഇതിന്മേൽ സ്ഥിരീകരണമുണ്ടായിട്ടില്ല). അതിനാൽത്തന്നെയാണ് ജിനയെ സിഐഎ തലപ്പത്തേക്കു നിർദേശിച്ചപ്പോൾ വാഷിങ്ടൻ പോസ്റ്റ് ലേഖിക എറിക് വെർണർ പറഞ്ഞത്– ‘അവർ പീഡനത്തിന്റെ മേൽനോട്ടക്കാരിയാണ്...’ എന്ന്.

ഒരു കുട്ടിക്കു പോലും കയറിയിരിക്കാൻ സ്ഥലമില്ലാത്ത പെട്ടിയിൽ ഒത്ത മനുഷ്യനെ അടച്ചിടുക, ചുമരിൽ തലയിടിപ്പിക്കുക, ഉറങ്ങാൻ സമ്മതിക്കാതെ മർദിക്കുക തുടങ്ങി ഒട്ടേറെ പീഡനമുറകൾ സിഐഎ പരീക്ഷിച്ചിട്ടുണ്ട്. പീഡനത്തിനിടെ എപ്പോഴെങ്കിലും പ്രതി കുറ്റം സമ്മതിക്കുമെന്നു കരുതി എല്ലാം വിഡിയോയിൽ പകർത്തുകയും ചെയ്യും. ഇതാണ് മനുഷ്യാവകാശ സംഘടനകളുടെ ഏറ്റവും വലിയ തുറുപ്പുചീട്ട്. എന്നാൽ മനുഷ്യപീഡനത്തെ ‘നിയമവിധേയം’ ആക്കുന്നതിൽ ജിന കാണിച്ച തന്ത്രം യുഎസിൽ പരസ്യമാണ്.

അബുവിനെ വെള്ളമൊഴിച്ച് ശ്വാസംമുട്ടിച്ചു പീഡിപ്പിക്കുന്നതിന്റെ വിഡിയോയും സിഐഎയുടെ കയ്യിലുണ്ടായിരുന്നു. ഇതെല്ലാം നശിപ്പിച്ചു കളയാനുള്ള ഉത്തരവ് തയാറാക്കിയത് ജിനയാണ്. അതിനെത്തുടർന്ന് 92 ടേപ്പുകളും നശിപ്പിക്കുകയും ചെയ്തു. ഈ ഉത്തരവ് ബാങ്കോക്കിലെ യുഎസ് എംബസിയുടെ ലോക്കറിലുണ്ടെന്നാണു പറയപ്പെടുന്നത്. എന്തായാലും ജിനയുടെ ഉത്തരവിനു പിന്നാലെ നീതിന്യായ വകുപ്പ് ഇക്കാര്യം അന്വേഷിക്കാനും ഉത്തരവിട്ടു. ആർക്കു നേരെയും കുറ്റം ചാർത്താതെ അന്വേഷണം അവസാനിക്കുകയാണുണ്ടായത്. 

2012 ഓഗസ്റ്റ് ഒന്നിനാണ് അമേരിക്കയിൽ കുപ്രസിദ്ധമായ ‘ടോർച്ചർ മെമോ’ പുറത്തിറക്കുന്നത്. നീതിന്യായ വകുപ്പിന്റെ ഓഫിസ് ഓഫ് ലീഗൽ കൗൺസൽ ഡപ്യൂട്ടി അസി. അറ്റോണി ജനറലായിരിക്കെ ജോൺ യൂവാണ് ഇതു തയാറാക്കിയത്. ആ നിയമനിർദേശങ്ങളിൽ ‘ദണ്ഡനം’ അല്ലെങ്കിൽ തടവറ പീഡനത്തിന്റെ വിശദീകരണം തന്നെ മാറ്റിക്കളഞ്ഞു അദ്ദേഹം. തായ്‌ലൻഡിൽ സിഐഎ ഉപയോഗിച്ച തരം പീഡനമുറകളെയെല്ലാം ഒഴിവാക്കിയായിരുന്നു അദ്ദേഹം പീഡനത്തിനു വിശദീകരണം നൽകി റിപ്പോർട്ട് തയാറാക്കിയത്. സത്യത്തിൽ സിഐഎ ഉദ്യോഗസ്ഥർക്കു രക്ഷപ്പെടാനുള്ള പഴുതായിരുന്നു അതിൽ നിറയെ. അതായത് സിഐഎ നടത്തിയതൊന്നും പീഡനത്തിന്റെ പരിധിയിൽ വരില്ല. അതിനുള്ള ഇടപെടൽ നടത്തിയതും ജിനയാണെന്നാണു റിപ്പോർട്ട്. കൃത്യമായിപ്പറഞ്ഞാൽ, സിഐയ്ക്കു പീഡനത്തെ നിയമപരമായി നടപ്പാക്കാനുള്ള ‘അനുമതി’യാണ് ജിന എഴുതി വാങ്ങിയത്!

അബു സുബൈദ അൽ ഖായിദയുടെ തലവൻ പോയിട്ട് ഒരംഗം പോലുമല്ലായിരുന്നെന്ന് പീഡനമുറകൾക്കൊടുവിൽ മനസ്സിലായിരുന്നു. പക്ഷേ അബു പിന്നീടൊരിക്കലും പുറംലോകവുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ടു പോകുന്ന വിധത്തിലുള്ള ശിക്ഷ ജിന ഉറപ്പാക്കിയിരുന്നു. സിഐഎയുടെ ചോർത്തപ്പെട്ട സന്ദേശങ്ങളിലൊന്നിലാണ് പിന്നീട് ഇതു വ്യക്തമായത്. അതിന്മേലും നടപടിയുണ്ടായില്ല.

രാജ്യാന്തര തലത്തിലെ തിരിച്ചടികളെത്തുടർന്നു ബുഷിന്റെ കാലത്തു തന്നെ പീഡനമുറകളിൽനിന്നു സിഐഎ പതിയെ പിന്മാറിയിരുന്നു. പിന്നീട് 2009ൽ ബറാക് ഒബാമ അധികാരത്തിലെത്തിയതോടെ വിദേശങ്ങളിലേത് ഉൾപ്പെടെ അമേരിക്കയുടെ ‘ദണ്ഡന കേന്ദ്ര’ങ്ങളെല്ലാം അടച്ചുപൂട്ടി. അതേസമയം അതിനു പിന്നിൽ പ്രവർത്തിച്ച ആർക്കെതിരെയും യാതൊരു നടപടിക്കും ഭരണകൂടം ശ്രമിച്ചുമില്ല. മാത്രവുമല്ല, സിഐഎയുടെ ലണ്ടൻ, ന്യൂയോർക്ക് കേന്ദ്രങ്ങളുടെ തലപ്പത്തേക്ക്, നിർണായക പദവിയിലേക്ക്, ജിനയെ ഉയർത്തുകയും ചെയ്തു. (പിന്നാലെ 2017 ഫെബ്രുവരിയിൽ ജിന സിഐഎ ഡപ്യൂട്ടി ഡയറക്ടർ പദവിയിലുമെത്തി)

മുൻ സിഐഎ തലവൻ ജോൺ ബ്രെണ്ണൻ 2013ൽ ജിനയെ നാഷനൽ ക്ലാൻഡെസ്റ്റൈൻ സർവീസിന്റെ ഡപ്യൂട്ടി ഡയറക്ടറായി നാമനിർദേശം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പു കാരണം അധികകാലം ആ സ്ഥാനത്തു തുടരാനായില്ല. 2014ൽ ജിനയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു സെനറ്റ് റിപ്പോർട്ടും പുറത്തു വന്നു. ഡെമോക്രാറ്റിക് നേതാവ് ഡയാന ഫെയ്ൻസ്റ്റീന്റെ നേതൃത്വത്തിലുള്ള സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയാണ് റിപ്പോർട്ട് തയാറാക്കിയത്. സിഐഎയുടെ കൊടുംപീഡന കേന്ദ്രങ്ങളും പീഡനരീതികളും വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. അതിപ്പോഴും പൂർണമായും പുറംലോകത്തെത്തിയിട്ടില്ല.