അമേരിക്കയെ തള്ളി ഇന്ത്യ; വാങ്ങുന്നത് നാലു റഷ്യൻ യുദ്ധകപ്പലുകൾ

റഷ്യയിൽ നിന്നും നാല് യുദ്ധകപ്പലുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പിടാൻ സാധ്യത. ഇക്കാര്യത്തിൽ അമേരിക്കയുമായുള്ള ശക്തമായ വിയോജിപ്പ് മറികടന്നാകും ഒക്ടോബറിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലെത്തുമ്പോൾ കരാറിൽ ഒപ്പിടുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2.2 ബില്യൻ ഡോളർ വിലമതിക്കുന്ന കരാർ പ്രകാരം അത്യാധുനികമായ തൽവാർ ശ്രേണിയിൽപ്പെട്ട യുദ്ധകപ്പലുകളാകും ഇന്ത്യക്കു ലഭിക്കുക. 

ഇതിൽ രണ്ടു യുദ്ധകപ്പലുകൾ ഗോവയിലുള്ള തുറമുഖത്താകും നിർമിക്കുക. യുദ്ധകപ്പലുകളുടെ നിർമാണത്തിനായി തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടി വരുമെന്നതിനാൽ റഷ്യയിൽ നിന്നും നേരിട്ടു വാങ്ങുന്ന യുദ്ധകപ്പലുകളെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം വരെ ചെലവേറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉടമ്പടിയുമായി ഇന്ത്യ മുന്നോട്ടു പോകുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഇളവ് ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ റഷ്യയുമായി ഇന്ത്യ കരാറിലേർപ്പെടുകയാണെങ്കിൽ ഉപരോധത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് പെന്‍റഗൺ വക്താവ് അറിയിച്ചിട്ടുണ്ട്.

സേനയുടെ കൈവശമുള്ള ആയുധ സാമഗ്രികളിൽ ഭൂരിഭാഗവും റഷ്യൻ നിര്‍മിതമായതിനാൽ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഇറക്കുമതികളിൽ 60 ശതമാനവും റഷ്യയിൽ നിന്നുമാണ്. സമീപകാലത്തായി യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ഇടപാടുകൾ 15 ബില്യൻ ഡോളറായി ഉയർന്നിട്ടുണ്ട്.