പ്രതിരോധ മിസൈല്‍ പരീക്ഷണം വിജയിച്ചു; ലോക ശക്തികൾക്കൊപ്പം ഇന്ത്യ

വായുവിലൂടെ വരുന്ന മിസൈൽ ഉൾപ്പടെയുള്ള വസ്തുക്കളെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള അത്യാധുനിക ഇന്റർസെപ്റ്റർ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച രാത്രി 8.05 നായിരുന്നു പരീക്ഷണം. ടു ലെയർ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ ദിവസം ഇന്ത്യ പരീക്ഷിച്ചത്.

ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പരീക്ഷണം നടത്തിയത്. ഭൗമോപരിതലത്തിൽ 50 കിലോമീറ്റർ പരിധിയിൽ വരെ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് മിസൈല്‍. താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ പോലും കണ്ടെത്തി തകർക്കാൻ ശേഷിയുളള സംവിധാനമാണിത്. പ്രതിരോധ മിസൈലും എതിരെ വന്ന മിസൈൽ കൃത്യമായാണ് പ്രവർത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.

ദിശാനിർണ സംവിധാനം (ഐഎൻഎസ്), ഹൈടെക് കംപ്യൂട്ടർ, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ, റഡാർ സിസ്റ്റം എന്നിവയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. എതിരെ വരുന്ന മിസൈൽ റഡാർ വഴി കണ്ടെത്തി സ്വമേധയാ പ്രതിരോധ മിസൈൽ ലോഞ്ചറിൽ നിന്ന് കുതിക്കുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.

ചൈന, പാക്കിസ്ഥാൻ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ഇന്റർസെപ്റ്റർ സിസ്റ്റത്തിന് സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു പരീക്ഷണം. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേൽ രാജ്യങ്ങൾക്ക് മാത്രമാണ് സ്വന്തമായി മിസൈൽ പ്രതിരോധ സംവിധാനമുള്ളത്.