മോദിയുടെ സ്വന്തം ‘ജെയിംസ് ബോണ്ട്’, ‘പ്രതിരോധ കീ’ അജിത് ഡോവലിന്

പ്രതിരോധരംഗത്തെ നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും പ്രധാനം അജിത് ഡോവലിന് കാബിനറ്റ് റാങ്കോടെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവലായിരിക്കും ഇനി മുതല്‍ പ്രധാനമന്ത്രിക്ക് നേരിട്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതും കാബിനറ്റ് സെക്രട്ടറിക്ക് പകരമായി സേനാ തലവന്മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതും.

നീതി ആയോഗ് ചെയര്‍മാന്‍, കാബിനറ്റ് സെക്രട്ടറി, ആര്‍ബിഐ ഗവര്‍ണര്‍, മൂന്നു സൈനിക മേധാവികള്‍, ഹോം സെക്രട്ടറി, ധനകാര്യ- പ്രതിരോധ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന ഉന്നതരുടെ കൂട്ടായ്മയാണ് അജിത് ഡോവലിന് കീഴില്‍ നിലവില്‍ വന്നത്. ഇവരില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കുക.

ഉന്നതനയതന്ത്ര സംഘം അഥവാ എസ്.പി.ജി എന്നുവിളിക്കുന്ന ഈ ഉന്നത ഉദ്യോഗസ്ഥ സംഘത്തില്‍ പ്രതിരോധ ആയുധങ്ങളുടെ നിര്‍മാണവും വിതരണവും ചുമതലയുള്ള സെക്രട്ടറി, പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടേറിയേറ്റ് സെക്രട്ടറി, റവന്യു- ബഹിരാകാശ- ഐബി- ഊര്‍ജ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയിട്ടുണ്ട്.

ഉന്നത നയനന്ത്രസംഘം ആദ്യമായല്ല രൂപീകരിക്കുന്നത്. നേരത്തെ എ.ബി. വാജ്‌പേയിയുടെ കാലം മുതലേ എസ്പിജി നിലവിലുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രാഥമിക തല സമിതിയായാണ് ഇത് കണക്കാക്കുന്നത്. പ്രതിരോധ നയങ്ങളുടെ വിലയിരുത്തലും ഹ്രസ്വ ദീര്‍ഘകാല സുരക്ഷാ വെല്ലുവിളികളും എസ്പിജി വിലയിരുത്തുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവലിന് എസ്പിജിയുടെ ചുമതല കൂടി നല്‍കുന്നതുകൊണ്ട് എന്താണ് വ്യത്യാസമെന്നതാണ് പ്രധാന ചോദ്യം.

കാബിനറ്റ് സെക്രട്ടറിയെന്നത് സര്‍ക്കാര്‍ പദവിയാണെങ്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുകളിലായി രാഷ്ട്രീയ നിയമനം നടന്നിരിക്കുകയാണ് അജിത് ഡോവലിന്റെ വരവോടെ. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉന്നതനയതന്ത്ര യോഗങ്ങള്‍ ചേരാറില്ല. ഈ കുറവ് പരിഹരിക്കാനാണ് അജിത് ഡോവലിന്റെ നിയമം. അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കിയതോടെ സേനാ തലവന്മാരും സെക്രട്ടറിമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതിലെ നിയമതടസവും ഇല്ലാതായി.

മുന്‍കാലങ്ങളില്‍ ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിലുള്ള മൂന്നു ഡെപ്യൂട്ടികളുടെ നിയമനം ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴില്‍ പ്രതിരോധ ആസൂത്രണ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ആസൂത്രണചുമതലയാണ് ഈ കമ്മറ്റിക്ക്.

2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ രംഗത്തെ ആസൂത്രണത്തിലെ പാളിച്ചകളായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്ന്. അത്തരമൊരു നീക്കം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം നടത്തുന്നത് തടയിടുക കൂടി മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നുവേണം കരുതാന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലിനെ നിയമിച്ചത് മോദി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു. ഡോവലിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം വര്‍ധിക്കുന്നുവെന്നതു കൂടിയാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ താക്കോല്‍സ്ഥാനം അജിത് ഡോവലിന് സ്വന്തമായിരിക്കുകയാണ്.

ആരാണ് അജിത് ഡോവൽ?

ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം.

ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഡോവൽ നേരത്തെയും നിരവധി ആക്രമണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാൻ ഡോവലിനു സാധിച്ചു. ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയ നീക്കങ്ങൾ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികൾ കമാൻഡോകൾ നടപ്പിലാക്കി.

അജിത് ഡോവലിനെ കുറിച്ച് നേരത്തെ തന്നെ നിരവധി രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് ഡോവൽ മുസ്‌ലിം വേഷത്തിൽ ഏഴു വർഷത്തോളം പാക്കിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവൽ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ തിരിച്ചു ഇന്ത്യയിൽ കൊണ്ടുവരാനുളള നീക്കം നടത്തിയതും ഡോവലായിരുന്നു. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.

പാക്കിസ്ഥാനിലെ ഓരോ വഴികളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് ഡോവൽ. ഇക്കാര്യം ഇപ്പോൾ പാക്കിസ്ഥാനും അറിയാം. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തി ആദ്യമായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടവാകുന്നത്. 1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചു.

അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. അന്ന് ഐഎസ്ഐ ചാരനെ പിടികൂടിയ ഡോവൽ ചാരന്റെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നിര്‍വഹിച്ചു.

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറിയും അജിത് ഡോവൽ ആക്രമണം നടത്തിയിട്ടുണ്ട്. അവരിൽ ഒരാളായി ചേർന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശൽ നടത്തിയത് ഡോവലായിരുന്നു. രണ്ടു വർഷം ഇറാഖിൽ നിന്ന് നഴ്സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചതും ഡോവലിന്റെ നീക്കങ്ങളായിരുന്നു.