യുദ്ധം മുതൽ ജീവൻ വരെ; ഈ ചൈനീസ് ടെക്നോളജി ലോകം കീഴടക്കും

സാങ്കേതിക ലോകത്ത് അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുള്ള അവരുടെ പഠനങ്ങളും കണ്ടെത്തലുകളും വൻ മാറ്റങ്ങളാണ് വരുത്തിയത്. ടെര്‍മിനേറ്റര്‍ സിനിമയിലെ പോലെ രൂപം മാറാനും സ്വയം തകരാറ് പരിഹരിക്കാനും കഴിയുന്ന റോബോട്ടുകളും ചൈന യാഥാര്‍ഥ്യമാക്കാൻ പോകുകയാണ്. ഈ പദ്ധതി വിജയിക്കുന്നതോടെ ലോകത്ത് ചൈന എല്ലാ മേഖലകളിലും മുന്നിലെത്തുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ഗവേഷകരാണ് കൈക്കുമ്പിളില്‍ വെക്കാന്‍ കഴിയുന്ന റോബോട്ടുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍. ദുരന്ത മേഖലകളിലും മറ്റും മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള മേഖലകളിലേക്ക് എത്തിപ്പെട്ട് വിവരം കൈമാറുകയായിരിക്കും ഈ റോബോട്ടുകളുടെ ദൗത്യം.

ചൈനയിലെ ഗവേഷകര്‍ക്കൊപ്പം ഓസ്ട്രേലിയയിലെ വാലോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ചേര്‍ന്നാണ് ഈ റോബോട്ടിനെ യാഥാര്‍ഥ്യമാക്കുന്നത്. ചെറിയ പ്ലാസ്റ്റിക് ചക്രവും ലിഥിയം ബാറ്ററിയും മൃദുലോഹമായ ഗാലിയവും ചേര്‍ന്നാണ് റോബോട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിരോധ മേഖലയില്‍ മുതല്‍ വൈദ്യശാസ്ത്ര രംഗത്ത് വരെ ഈ കുഞ്ഞന്‍ റോബോട്ട് ഉപകാരിയാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ റോബോട്ടുകളുടെ ചെറു രൂപങ്ങള്‍ക്ക് മനുഷ്യശരീരത്തിനുള്ളിലൂടെ പോയി ട്യൂമര്‍ കോശങ്ങളെ നേരിട്ട് നശിപ്പക്കാന്‍ പോലും സാധിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. 

ഭാവിയില്‍ ഭൂമികുലുക്കം പോലുള്ള ദുരന്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും മറ്റും ഇവയെ ഉപയോഗിക്കാനാകും. മനുഷ്യര്‍ക്ക് കടന്നുപോകാനാകാത്ത ഇടുങ്ങിയ ഭാഗങ്ങളിലൂടെ കടന്നുചെന്ന് വിവരങ്ങള്‍ കൈമാറാനുള്ള ഇവയുടെ കഴിവായിരിക്കും നിര്‍ണ്ണായകമാവുക. 

പ്ലാസ്റ്റിക് ചക്രത്തിനുള്ളിലായി മൃദുലോഹം ഘടിപ്പിച്ച നിലയിലാണ് റോബോട്ടിന്റെ മാതൃക ഗവേഷകര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ നല്‍കുന്ന വോള്‍ട്ടേജിലെ വ്യതിയാനം അനുസരിച്ച് റോബോട്ടിന്റെ രൂപത്തിലും മാറ്റം വരും. ഒന്നിലേറെ ചക്രങ്ങള്‍ ഘടിപ്പിച്ച് ഏത് പ്രതലത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപം മാറ്റാനും ഗവേഷകര്‍ക്ക് പദ്ധതിയുണ്ട്. അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്ന ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.