15 വര്‍ഷത്തിനുള്ളില്‍ അമേരിക്ക- ചൈന യുദ്ധമെന്ന് മുന്നറിയിപ്പ്

ലോകത്തിലെ രണ്ട് വന്‍ശക്തി രാഷ്ട്രങ്ങള്‍ തമ്മില്‍ ഒഴിവാക്കാനാവാത്ത യുദ്ധം സംഭവിക്കുമെന്ന് മുന്നറിയിപ്പ്. 15 വര്‍ഷത്തിനുള്ളില്‍ അമേരിക്കയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നാണ് അമേരിക്കന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച യൂറോപ്പിന്റെ ചുമതലയുണ്ടായിരുന്ന സൈനിക ജനറലിന്റെ പ്രവചനം. 

യൂറോപിലെ ഉന്നത രാഷ്ട്ര പ്രതിനിധികളോട് നടത്തിയ പ്രസംഗത്തിലായിരുന്നു റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ബെന്‍ ഹോഡ്ജിന്റെ യുദ്ധപ്രവചനം. യൂറോപ്പിന്റെ സംരക്ഷകനാകാന്‍ അധികകാലത്തേക്ക് അമേരിക്കയ്ക്ക് കഴിയില്ല. കാരണം അമേരിക്കന്‍ താത്പര്യങ്ങള്‍ പസഫിക് മേഖലയില്‍ വളര്‍ന്നുവരുന്ന ചൈനീസ് സ്വാധീനം നിയന്ത്രിക്കുന്നതിലേക്ക് മാറിയിരിക്കുന്നു. യൂറോപ്പ് സ്വന്തം കാലില്‍ നിന്നുകൊണ്ട് സുരക്ഷ ഉറപ്പാക്കണമെന്നാണ് ബെന്‍ ഹോഡ്ജിന്റെ ഉപദേശം. 

'അമേരിക്കയ്ക്ക് യൂറോപ്പില്‍ നിന്നും ശക്തമായ പിന്തുണ ആവശ്യമാണ്. 15 വര്‍ഷത്തിനുള്ളില്‍ ചൈനയുമായുള്ള യുദ്ധം സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരേ സമയം യൂറോപ്പിന്റെ സുരക്ഷയും പസഫിക്കിലെ വെല്ലുവിളികളും നേരിടാനുള്ള പ്രാപ്തി അമേരിക്കയ്ക്കില്ല. അമേരിക്കയുടെ ശ്രദ്ധ കൂടുതലായി പസഫിക്കിലേക്ക് നീങ്ങുമ്പോള്‍ യൂറോപ്പ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം' ഹോഡ്ജ് പറഞ്ഞു. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോക മേധാവിത്വം അമേരിക്കയ്ക്ക് സ്വന്തമായിരുന്നു. ഒരു രാജ്യം ലോകത്തെ വന്‍ ശക്തിയായി മാറുന്നത് ഗുണകരമാണെന്ന നിലയിലുള്ള ഹെജിമോണിക് സ്‌റ്റെബിലിറ്റി സിദ്ധാന്തം വരെ ഇതേ തുടര്‍ന്ന് വന്നിരുന്നു. എന്നാല്‍ ചൈന വന്‍ശക്തി രാജ്യമായി മാറുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാക്തിക ബലാബലങ്ങളും വര്‍ധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്. 

സാങ്കേതികവിദ്യയെ മോഷ്ടിക്കുന്ന ചൈനീസ് രീതിയും ആഫ്രിക്കയിലേയും യൂറോപ്പിലേയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരില്‍ തന്ത്രപ്രധാന മേഖലകളില്‍ ചൈന സ്വാധീനം സ്ഥാപിക്കുന്നതും പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കമെന്നാണ് ഹോഡ്ജ് പറയുന്നത്. യൂറോപ്പില്‍ നിലവില്‍ തന്നെ പത്ത് ശതമാനത്തോളം തുറമുഖങ്ങളില്‍ ചൈനീസ് ഉടമസ്ഥാവകാശമുണ്ട്.