അരിഹന്തിന്റെ ആദ്യ പര്യടനം വിജയകരമായി പൂർത്തിയാക്കി, അഭിനന്ദിച്ച് മോദി

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പൽ അരിഹന്തിന്റെ ആദ്യ പര്യടനം വിജയകരമായി പൂർത്തിയാക്കി. അരിഹന്തിന്റെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും ട്വീറ്റ് ചെയ്തു. അണ്വായുധ ബാലിസ്റ്റിമിക് മിസൈൽ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഐഎൻഎസ് അരിഹന്ത്.

എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂർത്തിക്കിയാണ് ഇന്ത്യയുടെ അന്ത്യാധുനിക അന്തർവാഹനി ഐഎൻഎസ് അരിഹന്ത് സേനയുടെ ഭാഗമായത്. ഏറെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യൻ നാവിക സേന ഈ നേട്ടം കൈവരിക്കുന്നത്. അതീവ രഹസ്യമായാണ് എല്ലാ പരീക്ഷണങ്ങളും നടന്നത്. 2014 ഡിസംബറിലാണ് അരിഹന്തിന്റെ പരീക്ഷണങ്ങൾ തുടങ്ങിയത്. അരിഹന്ത് സേനയുടെ ഭാഗമായതോടെ ഇന്ത്യയ്ക്ക് കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ത്രിതല ശേഷി കൈവന്നു. ഇത്തരം പ്രതിരോധ ശേഷിയുള്ള രാജ്യങ്ങൾ കുറവാണ്.

അരിഹന്തിന്റെ ഡിസൈൻ ഇന്ത്യ കടംകൊണ്ടിരിക്കുന്നത് അകുല ക്ലാസ് അന്തർവാഹിനികളിൽ നിന്നാണ്. ഡിആർഡിഒയും നേവൽ ഡിസൈൻ ബ്യൂറോയും അതിലേറെ സ്വകാര്യ കമ്പനികളും ചേർന്ന് റഷ്യൻ സഹായത്തോടെയാണ് അരിഹന്ത് ഇന്ത്യയിൽ നിർമിച്ചത്.

അരിഹന്തിനെ നാവികസേനയിൽ കമ്മിഷൻ ചെയ്തതോടെയാണ് കരയിൽ നിന്നും ആകാശത്തു നിന്നും കടലിനടിയിൽ നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യയ്‌ക്കു സ്വന്തമാക്കിയത്. ഇതിൽ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്.

പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വൻകുതിപ്പാണിത്. ആണവ റിയാക്‌ടറിൽ നിന്നുള്ള ഊർജമാണ് അരിഹന്തിന്റെ ഇന്ധനം. ഡീസലിൽ പ്രവർത്തിക്കുന്ന സാധാരണ അന്തർവാഹിനികളെക്കാൾ രണ്ടു മെച്ചങ്ങൾ ഇതിനുണ്ട്. എൻജിൻ പ്രവർത്തിക്കുമ്പോൾ വലിയ ശബ്‌ദം ഉണ്ടാകാത്തതിനാൽ ശത്രുവിന്റെ സെൻസറുകൾക്ക് അന്തർവാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികൾ റീചാർജ് ചെയ്യാൻ ഇടയ്‌ക്കിടെ ഉപരിതലത്തിലേക്കു പൊങ്ങിവരേണ്ടതുമില്ലെന്നതും അരിഹന്തിനെ പ്രതിരോധത്തിനു കൂടുതല്‍ മികച്ചതാക്കുന്നു.

ദീർഘദുര ബലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള (ന്യൂക്ലിയർ പവേർഡ് സബ്മറൈൻസ് വിത്ത് ലോങ് റേഞ്ച് ന്യൂക്ലിയർ ബലിസ്റ്റിക് മിസൈൽസ്-എസ്എസ്ബിഎൻ) ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനിയാണ് അരിഹന്ത്. 750 കിലോമീറ്റർ പരിധിയുള്ള കെ-15 ബലിസ്റ്റിക് മിസൈൽ മുതൽ 3,500 കിലോമീറ്റർ വരെ പോകുന്ന കെ-4 വരെയുള്ള മിസൈലുകൾ അരിഹന്തിലുണ്ട്. അരിഹന്ത് ക്ലാസിലെ മൂന്ന് അന്തർവാഹിനികളാണ് ഇന്ത്യ നിർമിക്കുന്നത്. 22-28 കിലോമീറ്റർ വേഗമുള്ള അരിഹന്തിന്റെ ഭാരം 6000 ടണ്ണാണ്. 95 നാവികരെ വഹിക്കാൻ ശേഷിയുണ്ട്.