ഭീകരന്‍ സൈനികനായി മാറി, അവസാനം ദേശത്തിനായി വീരമൃത്യു, ബിഗ് സല്യൂട്ട്

കഴിഞ്ഞ ഞായറാഴ്ച കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭീകര സംഘടനയിൽ അംഗമായിരുന്ന വാനി സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിന് വേണ്ടി പോരാടുന്നതിനിടെയാണ് അന്ത്യം. ഏറ്റുമുട്ടലില്‍ ആറ് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഷോപിയാനിലെ ബട്ടഗുണ്ട് ഗ്രാമത്തില്‍ ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് 38കാരനായ നാസിര്‍ അഹമ്മദ് വാനിക്ക് വെടിയേറ്റത്. ഒരുകാലത്ത് കശ്മീര്‍ മേഖലയിലെ ഭീകരരില്‍ ഒരാളായിരുന്ന നാസിര്‍ അഹമ്മദ് വാനിയുടെ കീഴടങ്ങലും സൈന്യത്തിലേക്കുള്ള പ്രവേശനവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈനിക സേവനത്തിനിടയിലെ അസാധാരണ ധൈര്യത്തിന് 2007ല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

കശ്മീരിലെ ഭീകര ബാധിത മേഖലകളിലൊന്നായ കുല്‍ഗാം ജില്ലയിലെ ചേകി അഷുംജി ഗ്രാമത്തിലായിരുന്നു നാസിര്‍ അഹമ്മദ് വാനിയുടെ ജനനം. ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായിരുന്നത്. സൈന്യത്തിന് മുൻപാകെ കീഴടങ്ങിയ വാനി 2004ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 162ആം ബറ്റാലിയനില്‍ ചേരുന്നത്.

വാനിയോടുള്ള ആദരസൂചകമായി ശവസംസ്‌ക്കാര ചടങ്ങില്‍ 21 സൈനികര്‍ ആചാര വെടി മുഴക്കി. ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ചാണ് ശരീരം സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ബഹുമതികളോടെ സംസ്‌ക്കരിച്ചത്. വാനിയുടെ കുടുംബത്തിന്റെ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നുവെന്നും വാനിയുടെ കുടുംബത്തിന്റെ അഭിമാനവും സുരക്ഷയും സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും സൈനിക വക്താവ് അറിയിച്ചു.

ഷോപിയാനിലെ ബറ്റാഗുണ്ട് ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരരുടെ വെടിയേറ്റ് വാനി വീരചരമമടയുന്നത്. വെടിയേറ്റയുടന്‍ തന്നെ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും സൈനിക വക്താവ് പറഞ്ഞു.