റോളെക്‌സ്, ഒമേഗ സ്വിസ് വാച്ച് നിര്‍മാതാക്കള്‍ 'ഈച്ചയെ പിടിക്കും'; ആപ്പിള്‍ മാര്‍ക്കറ്റും

അടുത്തകാലം വരെ, ആഢംബര പ്രിയരുടെയും കാശുകാരുടെയും ഇഷ്ട വിനോദങ്ങളില്‍ ഒന്നായിരുന്നു റോളെക്‌സ്, ഒമേഗ തുടങ്ങിയ സ്വിസ് നിര്‍മാതാക്കളുടെ വാച്ചുകള്‍ അണിയുക എന്നത്. മുന്‍നിര സ്വിസ് വാച് നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ വിലയിലും നിര്‍മാണത്തികവിലും മുന്നിട്ടു നിന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്വിസ് വ്യവസായികളുടെ വിറ്റ വാച്ചുകളുടെ എണ്ണം നോക്കിയാൽ അതിനേക്കാളേറെ വാച്ചുകള്‍ ആപ്പിള്‍ തന്നെ വിറ്റു എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. 

ആപ്പിള്‍ വാച്ച്

2015ല്‍ അവതരിപ്പിച്ച ആദ്യ സീരിസ് ആപ്പിള്‍ വാച്ചുകള്‍ ആര്‍ക്കും തന്നെ ഇഷ്ടപ്പെട്ടില്ല. ബാറ്ററി തീരുന്നു എന്നതായിരുന്നു പ്രധാന കുറവുകളിലൊന്ന്. രണ്ടാമത്തെ സീരിസ് വാച്ചും കാര്യമായ പ്രഭാവം ഉണ്ടാക്കിയില്ല. ആപ്പിളിനു മുൻപും സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കപ്പെട്ടെങ്കിലും ആപ്പിളിന്റെ വരവോടെ ഇത്തരം ഉപകരണങ്ങള്‍ മാര്‍ക്കറ്റ് പിടിച്ചടക്കുമെന്നു കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇതു കഴിഞ്ഞപ്പോള്‍ ടെക് അവലോകര്‍ വിധിയെഴുതി 'കമ്പനിയുടെ പരാജയപ്പെട്ട പ്രൊഡക്ടുകളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഒരെണ്ണം കൂടി എത്തി' എന്ന്. 

എന്നാല്‍, 2017ല്‍ ഇറക്കിയ സീരിസ് 3 വാച്ചുകള്‍ പല വിധത്തിലും ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം ഒരു കോടി എണ്‍പതു ലക്ഷത്തിലേറെ ആപ്പിള്‍ വാച്ചുകള്‍ വിറ്റു എന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. വില്‍പ്പനയില്‍ പകുതി 2017ന്റെ അവസാന മൂന്നു മാസം ആപ്പിള്‍ വാച്ച് സീരിസ് 3യുടെ വരവോടെയാണ് നടന്നിരിക്കുന്നത് എന്നതാണ് കമ്പനി വാച്ചിന്റെ ഉപയോഗത്തെയും പുഃനര്‍നിര്‍വചിച്ചു എന്നു പറയുന്നത്.

സീരിസ് 3 മോഡലിന് 4G LTE കണക്‌ഷനുണ്ട്. ഇത് അമേരിക്കയിലെ ഒരു കൂട്ടം ഉപയോക്താക്കള്‍ക്ക് താത്പര്യമുണ്ടാക്കിയ ഫീച്ചറാണ്. ആരോഗ്യപരിപാലനമാണ് ആപ്പിള്‍ വാച്ച് ഏറ്റെടുത്ത മറ്റൊരു ചുമതല. പ്രമേഹം ഏകദേശം 85 ശതമാനം കൃത്യതയോടെ പറയാനാകുന്നുവെന്ന് ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നു. ഹെല്‍ത് ബാന്‍ഡുകളെ പോലെയല്ലാതെ ആപ്പിള്‍ വാച്ചിന്റെ ശേഷികള്‍ പല ഉപയോക്താക്കളിലും മതിപ്പുളവാക്കുന്നുണ്ടത്രെ.

എന്നാല്‍, ആപ്പിള്‍ വാച്ചിന്റെ ജനപ്രീതി കൂടിയതോടെ പല ആപ്പ് നിര്‍മാതാക്കളും വാച്ചിനുള്ള ആപ്പുകള്‍ പിന്‍വലിക്കുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഗൂഗിള്‍ മാപ്‌സ്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ പ്രമുഖരാണ് തങ്ങളുടെ ആപ്പുകള്‍ പിന്‍വലിച്ചത്.

അതേസമയം, ഇന്ത്യയിലെ ആപ്പിള്‍ വാച്ച് മോഡലുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. മൂന്നാം തലമുറയിലെ തുടക്ക മോഡലായ സീരിസ് 3 GPS 38mm മോഡലിന്റെ വില 32,380 രൂപ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇത് 29,900 രൂപയായിരുന്നു.