Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീവ് ജോബ്‌സിന്റെ നിഴലില്‍ നിന്ന് ആപ്പിള്‍ മാറി? പുതിയ മാറ്റം സൂചനയോ?

steve-jobs

മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ മരണം കമ്പനിയെ പിറകോട്ടു വലിച്ചുവെന്നു വാദിക്കുന്നവരുണ്ട്. കണ്‍സ്യൂമര്‍ ഉപകരണങ്ങളെ മര്‍മ്മമറിഞ്ഞ് നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആപ്പിള്‍ അനാഥമാകുമോ എന്നു പോലും ചിലർ ഭയപ്പെട്ടിട്ടുണ്ട്. ജോബ്‌സിന്റെ മരണസയത്ത്, അദ്ദേഹം അടുത്ത 20 കൊല്ലത്തേക്ക് ആപ്പിള്‍ പോകേണ്ട വഴിയുടെ ഒരു മാപ്പ് തയാറാക്കിയിട്ടുണ്ട്. അതു വഴി നടക്കേണ്ട കാര്യം മാത്രമെ കമ്പനിക്കുള്ളു എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍, അനുദിനം മാറുന്ന ടെക്‌നോളജി മേഖലയില്‍, ജോബ്‌സ് എത്ര ദീര്‍ഘദര്‍ശി ആയിരുന്നാല്‍ പോലും കണ്ടെത്താനാകാത്ത നവീന പ്രവണതകള്‍ വര്‍ഷാവര്‍ഷം വന്നെത്തിയിരിക്കും. ജോബ്‌സിനു പകരക്കാരനായി വന്ന ടിം കുക്കിനെക്കുറിച്ച് അദ്ദേഹം താത്കാലിക ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനാണെന്ന തോന്നലാണു പലര്‍ക്കും. ജോബ്‌സിന്റെ നിര്‍ദേശാനുസരണം പരമാവധി ഐഫോണുകളും ഐപാഡുകളും മറ്റും വിറ്റ് കാശുണ്ടാക്കുക എന്ന ചുമതലയെ അദ്ദേഹത്തിനുള്ളു എന്നു പോലും ചിലര്‍ പറഞ്ഞിരുന്നു. 

ജോബ്‌സിന്റെ തന്‍പോരിമയും ഗിരിമയുമില്ലാത്ത ഒരു ഉദ്യോഗസ്ഥനായ കുക്ക് നയിക്കുന്ന ആപ്പിള്‍ ഇത്ര കാലം ജോബ്‌സിന്റെ നിഴലില്‍ തന്നെയായിരുന്നുവെന്നാണ് ടെക് ജേണലിസ്റ്റുകള്‍ വിശ്വസിക്കുന്നത്. ഏറ്റവും പുതിയ, 1000 ലേറെ ഡോളര്‍ വിലയുള്ള ഐഫോണുകളില്‍ പോലും ജോബ്‌സിന്റെ മുദ്ര സുവ്യക്തമായി പതിഞ്ഞു കിടപ്പുണ്ട്. എന്നാല്‍, ഈ വര്‍ഷം ജോബ്‌സിന്റെ ചിന്താപദ്ധതിയില്‍ ഉരുത്തിരിഞ്ഞു വരാത്ത ഒരു കാര്യവും ആപ്പിള്‍ ചെയ്തിട്ടുണ്ട്. അത്, ജോബ്‌സിന്റെ തണലില്‍ നിന്നു കമ്പനി മാറുന്നു എന്നതിന്റെ സൂചനയാണെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

Apple-WAtch-Series-4

ആപ്പിള്‍ വാച്ച് സീരിസ് 4നെയാണ് ആപ്പിള്‍ വഴിമാറിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയായി നിരീക്ഷകർ കാണുന്നത്. സീരിസ് 4 വാച്ച് ഉപയോക്താവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സൂക്ഷ്മമായി അറിയാനുള്ള കഴിവാണ് ആപ്പിളിന്റെ ദിശ മാറലിന്റെ തെളിവായി അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സമീപകാലത്ത് ആപ്പിള്‍ കൊണ്ടുവന്ന ഏറ്റവും അര്‍ഥവത്തായ മാറ്റമായാണ് ഇതിനെ കാണുന്നത്.

ഹൃദയമിടിപ്പു വര്‍ധിക്കുന്നതും താഴുന്നതും മാത്രമല്ല ക്രമരഹിതമായ ഹൃദയമിടിപ്പിന്റെ താളവും ആപ്പിള്‍ വാച്ച് സീരിസ് 4ന് തിരിച്ചറിയാനാകും. അതിനും ഉപരിയായി ഒരു ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണം വാച്ചിനുള്ളില്‍ തിരുകിക്കയറ്റുക പോലും ചെയ്തിരിക്കുന്നു. അതെ, 30 സെക്കന്‍ഡിനുള്ളില്‍ ഇസിജി ലഭിക്കാന്‍ വാച്ചിന്റെ ക്രൗണില്‍ വിരല്‍ വച്ചാല്‍ മതി. ഈ ഉപകരണം 399 ഡോളറിന് ലഭിക്കുന്നത് വളരെയധികം ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

ഉപയോക്താവ് വീണാലും ഫോണിന് തിരിച്ചറിയാനാകും. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ വാച്ച് തന്നെ നല്‍കിയിരിക്കുന്ന എമര്‍ജന്‍സി കോണ്ടാക്ടിനെ ഫോണ്‍ വിളിച്ചറിയിക്കും. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ ഉദ്വീപിപ്പിക്കാറില്ലെന്നു പറയുന്ന ടെക് മാധ്യമപ്രവർത്തകർ പോലും പറയുന്നത്, ഇതെല്ലാം ആപ്പിള്‍ വാച്ചില്‍ പിഴവില്ലാതെ പ്രവര്‍ത്തിക്കുമെങ്കില്‍ തങ്ങള്‍ ആശ്ചര്യചിത്തരാകുമെന്നാണ്. 

apple-watch-launch

ആപ്പിള്‍ വാച്ച് കമ്പനി ജോബ്‌സെന്ന വടവൃക്ഷത്തിന്റെ തണലില്‍ നിന്നു പതിയെ മാറുന്നുവെന്നതിന്റെ ആദ്യ സൂചനയായി കാണണമെന്നാണ് അവര്‍ പറയുന്നത്. ആപ്പിള്‍ ഇപ്പോഴും പഴയ ആപ്പിള്‍ തന്നെയാണ്. ഐഫോണുകളും സിനമകളും സംഗീതവുമൊക്കെ വിറ്റു കാശുണ്ടാക്കുന്ന കമ്പനി. അന്ധമായ ആരാധകരുള്ള കമ്പനി. എന്നാല്‍, കഴിഞ്ഞ ദിവസം ആപ്പിള്‍ അവതരിപ്പിച്ച വാച്ച് 4, ഇതുവരെ അവര്‍ ഇറക്കിയതില്‍ വച്ച് ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ്. കാശിന് ഒരു പഞ്ഞവുമില്ലാത്ത കമ്പനി കൂടുതല്‍ ജനോപകാരപ്രദമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പല ടെക് മാധ്യമപ്രവർത്തകരും.