സ്റ്റോക്ക് മാര്‍ക്കറ്റിങ്: വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിച്ചു– എ.ബാലകൃഷ്ണൻ

കൊച്ചി∙ സ്റ്റോക്ക് മാര്‍ക്കറ്റിങ് രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്നു ജിയോജിത്ത് ഫിനാൻഷ്യൽ സര്‍വീസസ് എക്സി. ഡയറക്ടർ എ.ബാലകൃഷ്ണൻ. മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ സംഗമത്തില്‍ ‘ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്‍ ട്രാന്‍സാക്ഷന്‍ ഓഫ് ഫിനാഷ്യല്‍ അസെറ്റ്സ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണി വിവരങ്ങള്‍ ഇന്ന് എല്ലായിടത്തും ലഭ്യമാണ്. ഓഹരികളുടെ വില ടെലിവിഷന്‍ ചാനലുകള്‍ സ്ക്രോള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതു വിശകലനം ചെയ്തു തീരുമാനം എടുക്കുന്നതിലാണ് കാര്യം. അതിനായി ശരിയായി വിശകലനം ചെയ്ത ഡേറ്റ വേണം. മൂന്നു പേജോളം നീളുന്ന ഡേറ്റ ആരും വായിക്കില്ല. സ്റ്റോക്ക് മാര്‍ക്കറ്റിങില്‍ സമയം വലിയ കാര്യമാണ്. രാവിലെ നല്‍കുന്ന വിവരത്തിന് അരമണിക്കൂര്‍ കഴിഞ്ഞോ ഉച്ചയ്ക്കോ വില ഉണ്ടാകില്ല. ക്യാപ്സൂള്‍ രൂപത്തില്‍ ഉപഭോക്താവിനു വിവരം കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ഇങ്ങനെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ആവശ്യമാണ്. സ്റ്റോക്ക് മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആരംഭ ഘട്ടത്തിലെ ബ്രാഞ്ചുകളില്‍ ഓഹരിയുടെ വിവരങ്ങള്‍ അറിയാനായി ഒരു ഹാള്‍ ഉണ്ടായിരുന്നു. ഇന്ന് ആ ഹാളുകളുടെ ആവശ്യമില്ല. ബാങ്കുകളുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പണം എടുക്കാന്‍ ബ്രാഞ്ചില്‍ പോകണ്ട സാഹചര്യം ഇല്ലാതായി. എങ്ങനെ ചെലവ് കുറയ്ക്കാം, വ്യാപാരം വര്‍ധിപ്പിക്കാം എന്നാണ് കമ്പനികള്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി റോബോട്ടിക് പ്രോസസ് ആപ്ലിക്കേഷനുകള്‍ ഉപയോഗത്തിലെത്തിയിട്ടുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളിലൂടെ  ഇടപാടുകളിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.