വൺപ്ലസ് 5 ഇന്ത്യയിലേക്ക്, 8GB RAM, 23 MP ക്യാമറ, അത്യുഗ്രൻ ഫീച്ചറുകൾ

സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്. ജൂൺ 22 നാണ് വൺപ്ലസ് 5 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാമുള്ള ഹാൻഡ്സെറ്റിന്റെ വില വിവരങ്ങൾ ഇതിനിടെ പുറത്തുവന്നു. വില വിവരങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം വൺ പ്ലസ് 5 ന്റെ വില 32,999 രൂപയായിരിക്കും. രണ്ട് വേരിയന്റുകളിലായാണ് വൺപ്ലസ് 5 ഇന്ത്യയിൽ എത്തുന്നത്. 6GB RAM/64GB വേരിയന്റിന് 32,999 രൂപയും 8GB RAM/128GB വേരിയന്റിന് 37,999 രൂപയുമാണ് വില. ഏറ്റവും പുതിയ പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൻ 835 ആണ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺ പ്ലസ് 5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് വൺപ്ലസ് 5.

സ്നാപ്ഡ്രാഗൻ 835 പ്രോസസര്‍ ഉപയോഗിക്കുന്ന സാംസങ് ഗ്യാലക്സി S8, ഗ്യാലക്സി S8 പ്ലസ് എന്നിവ അമേരിക്കയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതേ ഫോണ്‍ എത്തിയത് സാംസങ് എക്സിനോസ് 8895 എസ്ഒസി പ്രോസസറുമായിട്ടായിരുന്നു. അതേസമയം, ഇന്ത്യയില്‍ ഇതേ പ്രോസസര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ ഇനിയും ഇറങ്ങാനിരിക്കുകയാണെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് ലാറി പോള്‍സണ്‍ അറിയിച്ചു. ഇവയില്‍ ആദ്യത്തെ ഫോണാണ് വണ്‍ പ്ലസ് 5. 

വണ്‍പ്ലസ് ഫോണുകള്‍ ഓരോന്നും നിര്‍മിക്കപ്പെടുന്നത് ഒരു കലാസൃഷ്ടി പോലെയാണെന്നും അല്ലാതെ മൊത്തത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നമായിട്ടല്ലെന്നും ക്വാല്‍കം സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ്‌ മേത്ത പറഞ്ഞു. ഓരോ ജനറേഷന്‍ കൂടുംതോറും ശേഷി വര്‍ധിക്കുന്നവയാണ് വണ്‍ പ്ലസ് ഫോണുകളെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിക്കുന്ന അഞ്ച് സ്മാര്‍ട്ട്‌ ഫോണുകളാണ് ലോക വിപണിയിൽ ഇറങ്ങിയിട്ടുള്ളത്. സാംസങ് ഗ്യാലക്സി S8, സാംസങ് ഗ്യാലക്സി S8 പ്ലസ്, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം, ഷവോമി മി6, ഷാർപ്പ് അക്വാസ് ആർ എന്നിവയാണവ.  

ഷമോമി മി6, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം മുന്നേ ആദ്യമെത്തുന്ന ഫോണ്‍ വണ്‍ പ്ലസ് ആണെങ്കില്‍ വിപണി കീഴടക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിക്കും. വണ്‍ പ്ലസ്, ക്വാല്‍കം കമ്പനികള്‍ ഒരുമിച്ചാണ് പുതിയ പ്രോസസറിനെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലോഗിലൂടെയും ട്വീറ്റിലൂടെയും പുറത്തു വിട്ടത്.