Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാക്ക്ബെറിയും ടൈസനും തമ്മിൽ കടുത്ത മത്സരം

tizen-theme

ലോക മൊബൈൽ ഒഎസ് വിപണിയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ അലങ്കരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയ്ക്ക് പിന്നാലെ ആര് ബ്ലാക്ക്ബെറിയോ ടൈസനോ? ബ്ലാക്ക്ബെറി ഒഎസ് സംസങ് വികസിപ്പിച്ചെടുത്ത ടൈസൻ ഒഎസുമായുള്ള മത്സരത്തിൽ പിന്നിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ പുതിയ വിപണി ഗവേഷണ റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണ്‍ എന്നീ ഉപകരണങ്ങളിലെ ഇപ്പോഴത്തെ ഉപയോഗ പ്രാകാരം ബ്ലാക്ക്ബെറിയെ ടൈസൻ ആദ്യമായി പിന്തള്ളി ലോക മൊബൈൽ ഒഎസ് വിപണിയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ബ്ലാക്ക്ബെറി പോലും സ്വന്തം ഒഎസിനെ കൈവിട്ടു കൊണ്ട് മൊബൈൽ വിപണിയിലെ സ്വന്തം നില നിൽപ്പിനായി ആൻഡ്രോയിഡിനെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ടൈസൻ ബ്ലാക്ക്ബെറിയെ കടത്തിവെട്ടിയിരിക്കുന്നത്. ബ്ലാക്ബെറിയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോണായ പ്രിവ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഉപഭോക്താവിന്റെ പ്രൈവസിക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്ന സ്മാർട്ട് ഫോണാണ്. കനേഡിയൻ മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറി വിപണിയിലെ വൻ വീഴ്ചയിൽ നിന്നും കരകയറാൻ വേണ്ടിയാണ് സ്വന്തം ഒഎസായ ബ്ലാക്ക്ബെറിയെ പോലും കൈവിട്ട് ആൻഡ്രോയ്ഡിൽ ശരണം പ്രാപിച്ചിരിക്കുന്നത്.

1440 × 2560 പിക്സൽ റസലൂഷൻ നൽകുന്ന അതിശയകരമായ 5.4 ഇഞ്ച് ഡ്യുവൽ-കർവ്ഡ്‌ ഡിസ്പ്ലേ, 3410 എംഎഎച്ച് ബാറ്ററി, ടച്ച് & സ്ലൈഡിംഗ് കീബോർഡുകൾ, Schneider-Kreuznach സർട്ടിഫൈഡ് ക്യാമറ, ഒപ്പം അസാധാരണമായ ഗുണമേന്മയുള്ള ഓഡിയോ എന്നീ സൗകര്യങ്ങളുമായെത്തുന്ന പ്രിവ് ഹെക്സാ കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 3 ജിബി റാമുമായെത്തുന്ന ഫോണിന് 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. ബ്ലാക്ബെറിയുടെ ആദ്യ ആൻഡ്രോയിഡ് ഫോണായ പ്രിവ് രജിസ്റ്റർ ചെയ്ത ഉപഭോക്തക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ടൈസന്റെ ഈ ഉയർച്ചയ്ക്കൊപ്പം ആൻഡ്രോയിഡും ആഗോള ഒഎസ് വിപണി വിഹിതം വർധിപ്പിച്ച് മുന്നേറുകയാണ്. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോൺ ഒഎസ്, മോസില്ലയുടെ ഫയർഫോക്സ് ഒഎസ് എന്നിവയാണ് ബ്ലാക്ക്ബെറി ഒഎസിനു പുറമെ തിരിച്ചടി നേരിട്ട മറ്റു മൊബൈൽ ഒഎസുകൾ. എന്നാൽ ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകളുടെ വിപണിയിലെ ശക്തമായ ഡിമാൻഡ് വീണ്ടും വളർച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്.

സാംസങ് രണ്ടാമത്തെ ടൈസൻ-അധിഷ്ഠിത സ്മാർട്ട്ഫോൺ; സാംസങ് Z3 കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു. ജനുവരിയിൽ വിപണിയിയിലെത്തിച്ച സാംസങ്ങിന്റെ ടൈസൻ അധിഷ്ഠിതമായ ആദ്യ സ്മാർട്ട്‌ ഫോണ്‍ മോഡൽ Z1 നു ലഭിച്ച ആദ്യ പ്രതികരണങ്ങൾ വളരെ തണുത്തതായിരുന്നുവെങ്കിലും ലോഞ്ചിനു ശേഷം ആറ് മാസത്തിനുള്ളിൽ രാജ്യത്ത് 1 ദശലക്ഷം യൂണിറ്റ് Z1 ഫോണുകൾ വിറ്റ റിക്കോർഡ് ടൈസന്റെ വളർച്ച വിശദീകരിച്ച് സാംസങ് മുന്നോട്ടു വയ്ക്കുന്നു. നിലവിൽ ബജറ്റ് സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ്, വിൻഡോസ് എന്നിവ കഴിഞ്ഞു മറ്റൊരു ഓപ്ഷൻ ഇല്ലാത്തത് ടൈസനെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നാണ്‌ കരുതേണ്ടത്.